തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് മർദനമേറ്റു മരിച്ചു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ
തൃശൂർ: നഗരത്തിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിലുണ്ടായ തർക്കത്തെ തുടർന്ന് ഒഡീഷ സ്വദേശിയായ യുവാവ് മർദനമേറ്റു മരിച്ചു. ഒഡീഷ സ്വദേശി ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 18-ാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ നഗരത്തിലെ ഹോട്ടൽ ജീവനക്കാരായ കാർത്തിക് നായിക്, മക്രഹാജി, തൃണാദ് മാദി, ധൻപതി നായിക് എന്നിവർ ഈ കേന്ദ്രത്തിലെത്തിയിരുന്നു. തുടർന്ന് പണം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് പുറത്തേക്കിറങ്ങിയ ഇവരെ, അകത്തേക്ക് വിളിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ധൻപതി നായികിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.
തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്ത് ഒഡീഷ സ്വദേശിയായ ബിച്ചുനായിക് ആണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ കെട്ടിടത്തിന്റെ പുറകുവശം വഴിയായിരുന്നു ആളുകളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനമുണ്ടായിരുന്നത്. ഒഡീഷ, അസം സ്വദേശികളായ യുവതികളാണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.