‘തന്നെയല്ല പഴയ കാമുകിയെയാണ് ഇഷ്ടം, ശരീരത്തിൽ കയറിയിരുന്ന് പലതവണ മുഖത്തടിച്ചു’; അതുലിന്റെ ക്രൂരത വിവരിച്ചുള്ള ആരതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: ആറ്റുകാൽ ചിറമുക്കിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുൽ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനി ആരതിയെയാണ് വെള്ളിയാഴ്ച കഞ്ഞിപ്പുരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്നെയല്ല, പഴയ കാമുകിയെയാണ് അതുലിന് ഇഷ്ടമെന്നും ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന ആരതിയുടെ ആത്മഹത്യാക്കുറിപ്പും ശബ്ദസന്ദേശവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ശരീരത്തിൽ കയറിയിരുന്ന് പലതവണ മുഖത്തടിച്ചതായും പരമാവധി മുറിവുകൾ ഉണ്ടാക്കാതെയായിരുന്നു ആക്രമണമെന്നും കുറിപ്പിൽ പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് ഫോണിൽ റെക്കോർഡ് ചെയ്ത ശബ്ദസന്ദേശത്തിൽ, മരിക്കാൻ തനിക്ക് പേടിയാണെന്നും എന്നാൽ മരിക്കാതെ നിവൃത്തിയില്ലെന്നും ആരതി വ്യക്തമാക്കുന്നുണ്ട്. ഒന്നര വർഷം മുമ്പ് വിവാഹിതരായതു മുതൽ പല കാരണങ്ങൾ പറഞ്ഞ് അതുൽ മർദിക്കാറുണ്ടായിരുന്നുവെന്ന് ആരതിയുടെ കുടുംബം ആരോപിച്ചു. മർദനമേറ്റതിന്റെ പാടുകൾ ശരീരത്തിലുണ്ട്. പീഡനവിവരം കാണിച്ച് വെള്ളിയാഴ്ച ആരതി അമ്മയ്ക്ക് വാട്സ്ആപ്പിൽ ചിത്രങ്ങൾ അയച്ചിരുന്നു.
ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.