ബി. അശോകും എന്‍. പ്രശാന്തും തിരികെ സര്‍വീസിലേക്ക്; സസ്‌പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി.അശോകിന്റേയും എൻ. പ്രശാന്തിന്റേയും സസ്പെൻഷൻ സംസ്ഥാന സർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഒപ്പുവെച്ചു. മുൻ സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും പരസ്യമായി വിമർശിച്ചതിൻ്റെ പേരിൽ ഇവർക്കെതിരെ മുൻപ് സ്വീകരിച്ച അച്ചടക്കനടപടി പുനഃപരിശോധിക്കാൻ പുതിയ സർക്കാർ അധികാരമേറ്റയുടൻ തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥർ ഭരണപരമായ കാര്യങ്ങളെ വിമർശിച്ചതിൻ്റെ പേരിൽ സസ്പെൻഷൻ പോലുള്ള കടുത്ത നടപടികൾ എടുത്തത് അനാവശ്യമാണെന്നാണ് പുതിയ സർക്കാരിന്റെ നിലപാട്. കൂടാതെ, സംസ്‌ഥാനത്ത് നിലവിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ മാറ്റിനിർത്തുന്നത് ഉചിതമല്ലെന്നും വിലയിരുത്തലുണ്ടായി.
ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ.ജയതിലകിനെ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി വിമർശിച്ചതിന്റെ പേരിൽ കഴിഞ്ഞ ഒന്നര വർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും കഴിഞ്ഞ സർക്കാരിൻ്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനാണ് തൊട്ടു മുൻപത്തെ മാസം ബി. അശോകിനെതിരെ സസ്പെൻഷൻ നടപടിയുണ്ടായത്.
2024 നവംബർ 11 മുതലാണ് പ്രശാന്ത് സസ്പെൻഷനിലാവുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുന്നതിന് തൊട്ടുമുൻപാണ് എൻ. പ്രശാന്തിനെതിരെ ഒൻപതാംതവണയും അച്ചടക്ക നടപടി സ്വീകരിച്ചത്. എട്ടാമത്തെ സസ്പെൻഷൻ ഉത്തരവ് പുറപ്പടുവിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഒൻപതാമത്തെ നടപടി. ലോട്ടറി വിൽപനയെക്കുറിച്ച് മുൻകൂർ അനുമതിയില്ലാതെ ഇംഗ്ലിഷ് പത്രത്തിൽ ലേഖനം എഴുതിയെന്നതായിരുന്നു പ്രശാന്തിനെതിരെയുള്ള ഒടുവിലത്തെ കുറ്റം. സിവിൽ സർവീസ് ഉദ്യോഗസ്‌ഥർ പുലർത്തേണ്ട രാഷ്ട്രീയനിഷ്പക്ഷത ലംഘിച്ചുവെന്നും വിശദ അന്വേഷണം വേണമെന്നും അന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ചീഫ് സെക്രട്ടറി എ.ജയതിലകിനാണോ പരാജയപ്പെട്ട മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യമെന്ന് സമൂഹമാധ്യമത്തിലൂടെ ചോദിച്ചുകൊണ്ടായിരുന്നു അന്ന് പ്രശാന്ത് ഇതിനോട് പ്രതികരിച്ചത്.