04/06/2026
[fontresizer_tawhidurrahmandear_widget]

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് രോഗികൾ മരിച്ചു

 ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് രോഗികൾ മരിച്ചു

പട്ന: ബിഹാറിലെ മുസാഫർപുരിലുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയു വാർഡിലുണ്ടായ വൻ തീപിടുത്തത്തിൽ മൂന്ന് രോഗികൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ആശുപത്രി കെട്ടിടത്തിൽ കനത്ത പുകയും വിഷവാതകവും നിറഞ്ഞത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

12-ഓളം അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി ജനലുകളും വാതിലുകളും തകർത്താണ് രോഗികളെ പുറത്തെത്തിച്ചത്. 20-ലധികം പേരെ രക്ഷപ്പെടുത്തി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. രക്ഷപ്പെടുത്തിയവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ഭയം. അപകടത്തിൽ ആശുപത്രിയിലെ ഐസിയു ഇൻ-ചാർജിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തന സമയത്ത് ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗവും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഫയർ ഓഫീസർ ആർ.എൻ പാണ്ഡെ അറിയിച്ചു.

ഓക്സിജൻ യൂണിറ്റിലോ മോണിറ്റർ സിസ്റ്റത്തിലോ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാർ സെൻ വ്യക്തമാക്കി.

Also read: