13/06/2026
[fontresizer_tawhidurrahmandear_widget]

‘ഒരു കോൾ അറ്റൻഡ് ചെയ്തതാ.. അക്കൗണ്ടിൽ നിന്ന് 3 ലക്ഷം രൂപ പോയി’; വായ്പയെടുത്ത് കാർ വാങ്ങാൻ പോയ ബസ് ഡ്രൈവർക്ക് സൈബർ തട്ടിപ്പിൽ വൻ നഷ്ടം

 ‘ഒരു കോൾ അറ്റൻഡ് ചെയ്തതാ.. അക്കൗണ്ടിൽ നിന്ന് 3 ലക്ഷം രൂപ പോയി’; വായ്പയെടുത്ത് കാർ വാങ്ങാൻ പോയ ബസ് ഡ്രൈവർക്ക് സൈബർ തട്ടിപ്പിൽ വൻ നഷ്ടം

കൊച്ചി: ഫോൺ കോളിലൂടെയുള്ള പുതിയ സൈബർ തട്ടിപ്പിൽ പെട്ട് സാധാരണക്കാരനായ സ്കൂൾ ബസ് ഡ്രൈവർക്ക് നഷ്ടമായത് മൂന്ന് ലക്ഷം രൂപ. മരട് സ്വദേശിയായ മാർട്ടിൻ മാനുവൽ ആണ് ട്രെയിൻ യാത്രയ്ക്കിടയിൽ വൻ തട്ടിപ്പിനിരയായത്. ബാങ്കിൽ നിന്നും വായ്പയെടുത്ത പണം ഉപയോഗിച്ച് സ്വന്തമായി ഒരു വാഹനം വാങ്ങാനുള്ള യാത്രയ്ക്കിടയിലാണ് മാർട്ടിന് ഈ ദുരനുഭവം ഉണ്ടായത്.

ഇന്നോവ കാർ വാങ്ങുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു മാർട്ടിൻ. ഈ സമയത്താണ് മൊബൈൽ ഫോണിലേക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും കോൾ വരുന്നത്. യാതൊരു സംശയവും തോന്നാതെ മാർട്ടിൻ ഈ കോൾ അറ്റൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് അധികം വൈകാതെ തന്നെ മൊബൈലിലേക്ക് ഒടിപി വരുകയും, തൊട്ടുപിന്നാലെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാൻ തുടങ്ങുകയുമായിരുന്നു.

അക്കൗണ്ടിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപയാണ് തട്ടിപ്പുകാർ കവർന്നത്. ബാങ്കിൽ നിന്നും പണം പിൻവലിക്കപ്പെട്ടതായി തുടർച്ചയായി മെസേജ് വന്നപ്പോഴാണ് താൻ ചതിക്കപ്പെട്ട വിവരം മാർട്ടിൻ തിരിച്ചറിയുന്നത്. ഏറെ കഷ്ടപ്പെട്ട് ബാങ്കിൽ നിന്നും ലോൺ എടുത്ത് സ്വരൂപിച്ച തുകയാണ് നിമിഷനേരം കൊണ്ട് നഷ്ടമായത്.

യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം മാർട്ടിനെ കടുത്ത മാനസിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുന്നതിനും തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനുമായി അദ്ദേഹം നിലവിൽ സൈബർ സെല്ലിനെയും പൊലീസിനെയും സമീപിച്ചിരിക്കുകയാണ്.

Also read: