21/07/2026
[fontresizer_tawhidurrahmandear_widget]

‘ഇത് ഇസ്‌ലാമാബാദ് അല്ല, ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കരുത്’; രാജ്യത്ത് അതിന് സ്ഥാനമില്ലെന്ന് ഡെന്‍മാര്‍ക്ക് മന്ത്രി

 ‘ഇത് ഇസ്‌ലാമാബാദ് അല്ല, ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കരുത്’; രാജ്യത്ത് അതിന് സ്ഥാനമില്ലെന്ന് ഡെന്‍മാര്‍ക്ക് മന്ത്രി

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ഉച്ചഭാഷിണിയിലൂടെയുള്ള പൊതു ബാങ്ക് വിളി നിരോധിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ രംഗത്ത്. ഡെന്‍മാര്‍ക്കിലെ ചില ഭാഗങ്ങള്‍ കണ്ടാല്‍ ‘ഇസ്‌ലാമാബാദിന്റെ ഒരു പ്രാന്തപ്രദേശം’ പോലെയാണ് തോന്നുന്നതെന്നും പൊതുവിടങ്ങള്‍ പതുക്കെ ഇസ്‌ലാമികവല്‍ക്കരിക്കപ്പെടുകയാണെന്നും ഇമിഗ്രേഷന്‍ മന്ത്രി മോര്‍ട്ടന്‍ ബോഡ്‌സ്‌കോവ് ആരോപിച്ചു. ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കാന്‍ പാടില്ലെന്നും അതിന് രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡെന്‍മാര്‍ക്കിലൂടെ നടക്കുമ്പോള്‍ തങ്ങള്‍ ഇസ്‌ലാമാബാദില്‍ എത്തിപ്പെട്ടതായി ആര്‍ക്കും തോന്നരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യവ്യാപകമായി ഈ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന് ഡെന്‍മാര്‍ക്ക് പരിശോധിച്ചുവരികയാണ്. മതസ്വാതന്ത്ര്യത്തിനായുള്ള രാജ്യത്തിന്റെ ഭരണഘടനാപരമായ പരിരക്ഷകളെ മാനിച്ചുകൊണ്ട് തന്നെ ഈ നിയന്ത്രണം എങ്ങനെ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണെന്ന് ബോഡ്സ്‌കോവ് വ്യക്തമാക്കി. പൊതുവിടങ്ങളിലെ മതപരമായ ആവിഷ്‌കാരങ്ങളേക്കാള്‍ ‘ജനാധിപത്യത്തിനാണ് മുന്‍ഗണന’ എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണും ഈ നിയമനിര്‍മാണത്തെ ന്യായീകരിച്ചു. സര്‍വ്വകലാശാലകളിലെ പ്രാര്‍ത്ഥനാ മുറികള്‍ സാമൂഹിക നിയന്ത്രണത്തിനും അടിച്ചമര്‍ത്തലിനും ഉപയോഗിച്ചേക്കാമെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ഇസ്‌ലമിക ആചാരങ്ങള്‍ക്ക് ഡെന്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമായല്ല. ഈ വര്‍ഷം ആദ്യം പൊതുസ്ഥലങ്ങളില്‍ മുഖം പൂര്‍ണമായി മറയ്ക്കുന്ന നിഖാബ് നിരോധിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേക പ്രാര്‍ത്ഥനാ മുറികള്‍ ഒഴിവാക്കാനുള്ള നിര്‍ദേശം കൊണ്ടുവരികയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡെന്‍മാര്‍ക്കിലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ എംബസികള്‍ക്ക് മുന്നില്‍ ഖുർആൻ പ്രതികള്‍ കത്തിച്ചത് വലിയ ആഗോള പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് പുതിയ നിയമനിര്‍മാണത്തിനുള്ള നീക്കങ്ങള്‍ ശക്തമാകുന്നത്.

Also read: