പ്രാർത്ഥന കഴിഞ്ഞിറങ്ങിയ മുസ്‌ലിം യുവാക്കൾക്ക് നേരെ വിദ്വേഷ ആക്രമണം; അഞ്ച് പേർക്ക് കുത്തേറ്റു; പ്രതി പിടിയിൽ
എഡിൻബർഗ്: പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരുന്ന മുസ്‌ലിം ചെറുപ്പക്കാരെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ വിദ്വേഷ ആക്രമണത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു. സ്കോട്ട്ലൻഡ് തലസ്ഥാനമായ എഡിൻബർഗിലുടനീളം വൻ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ 36 വയസ്സുള്ള വെള്ളക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വിദ്വേഷമാണ് പ്രതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ തീവ്രവാദ വിരുദ്ധ അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടോടെ എഡിൻബർഗിലെ ബ്രൂംഹൗസ് പ്രദേശത്തെ പള്ളിയിലാണ് പ്രാർത്ഥനയ്ക്കിടെ ആദ്യ ആക്രമണം നടന്നത്. പള്ളിയിൽ വൈകുന്നേരത്തെ പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടിരുന്ന രണ്ട് യുവാക്കൾക്ക് നേരെ പ്രതി ആയുധവുമായി പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് സൈറ്റ്ഹിൽ, ടെൽഫോർഡ് റോഡ്, ലീത്ത് വാക് തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മറ്റ് മൂന്ന് പേരെക്കൂടി ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. 22-നും 39-നും ഇടയിൽ പ്രായമുള്ള അഞ്ച് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇരകളിൽ പലരും മുസ്‌ലിങ്ങളാണെന്ന് കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ സ്ഥിരീകരിച്ചു.
നഗ്നശരീരനായി വലിയ ആയുധവും മേന്തി തെരുവിലിറങ്ങിയ പ്രതി പൊതുവഴികളിലെ കടകളും ടാക്സികളും പെട്രോൾ പമ്പും അടിച്ചുതകർത്തു. ഒടുവിൽ ടേസറുകളുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇയാളെ ബന്ധനസ്ഥനാക്കുകയായിരുന്നു. പോലീസിന്റെ പിടിയിലാകുമ്പോഴും മുസ്‌ലിങ്ങളെ കടുത്ത ഭാഷയിൽ അസഭ്യം പറഞ്ഞ പ്രതി, താൻ രാജ്യത്തെ രക്ഷിക്കുകയാണെന്നാണ് അലറിവിളിച്ചത്.
സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറും സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നിയും ശക്തമായി അപലപിച്ചു. ഇത് വച്ചുപൊറുപ്പിക്കില്ലെന്നും അക്രമം നടത്തിയയാൾ നിയമത്തിന്റെ മുഴുവൻ ശക്തിയും നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രാർത്ഥനയ്ക്കിടെയുണ്ടായ ഈ ആസൂത്രിത ആക്രമണം മുസ്‌ലിം സമൂഹത്തിനിടയിൽ വലിയ ആശങ്കയുണ്ടാക്കിയതായി സ്കോട്ടിഷ് അസോസിയേഷൻ ഓഫ് മോസ്‌ക് പ്രതികരിച്ചു. പ്രതിയെ വൈകാതെ കോടതിയിൽ ഹാജരാക്കും.