10/06/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയുടെ പണിയോ?; ലോകകപ്പ് തുടങ്ങാനിരിക്കെ ഇറാൻ ആരാധകർക്ക് ടിക്കറ്റ് നിഷേധിച്ച് ഫിഫ

 അമേരിക്കയുടെ പണിയോ?; ലോകകപ്പ് തുടങ്ങാനിരിക്കെ ഇറാൻ ആരാധകർക്ക് ടിക്കറ്റ് നിഷേധിച്ച് ഫിഫ

ടെഹ്റാൻ: ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, തങ്ങളുടെ ആരാധകർക്കുള്ള ടിക്കറ്റ് വിഹിതം ഫിഫ റദ്ദാക്കിയെന്ന ഗുരുതര ആരോപണവുമായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ രംഗത്ത്. ദേശീയ ടീമിനെ പിന്തുണയ്ക്കാൻ വിമാന ടിക്കറ്റും താമസ സൗകര്യങ്ങളും യാത്രാ പദ്ധതികളുമെല്ലാം മുൻകൂട്ടി ബുക്ക് ചെയ്‌തിരുന്ന ആയിരക്കണക്കിന് ആരാധകർ ഫിഫയുടെ ഈ അപ്രതീക്ഷിത നടപടി മൂലം കടുത്ത പ്രതിസന്ധിയിലായെന്ന് ഇറാൻ ഫെഡറേഷൻ വ്യക്തമാക്കി.

ഔദ്യോഗികമായി പ്രഖ്യാപിച്ച എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടും അവസാന നിമിഷം ടിക്കറ്റുകൾ റദ്ദാക്കിയത് ആരാധകരെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് ഇറാൻ ആരോപിച്ചു. ആതിഥേയ രാജ്യം എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ അമേരിക്ക ലംഘിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങളും വിസ സംബന്ധിച്ച പ്രതിസന്ധികളുമാണ് ടൂർണമെന്റിന്റെ തുടക്കത്തെത്തന്നെ ഇപ്പോൾ നിഴലിലാക്കിയിരിക്കുന്നത്. നേരത്തെ, ഇറാന്റെ ദേശീയ ടീം ലോകകപ്പിൽ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്ത് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അവരുടെ സുരക്ഷ കണക്കിലെടുത്ത് ഇറാൻ ടീം ഇവിടെ വരുന്നത് ശരിയല്ലെന്നായിരുന്നു ട്രംപിൻ്റെ പ്രസ്‌താവന.

ടിക്കറ്റ് വിവാദത്തിന് മുമ്പ് തന്നെ ഇറാൻ ടീമിന് വിസ ലഭിക്കുന്നതിലും വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു. തങ്ങളുടെ ആദ്യ മത്സരത്തിന് വെറും 10 ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് കളിക്കാർക്ക് വിസ അനുവദിച്ചത്. ഇത് ടീമിന്റെ ടൂർണമെന്റ് തയ്യാറെടുപ്പുകളെ സാരമായി ബാധിച്ചു. കൂടാതെ, ടീമിനൊപ്പമുണ്ടായിരുന്ന 70 അംഗ സംഘത്തിലെ പ്രധാന മാനേജീരിയൽ, അഡ്‌മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേർക്ക് അമേരിക്ക വിസ നിഷേധിക്കുകയും ചെയ്തു. രാഷ്ട്രീയ തർക്കങ്ങൾ കാരണം ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ഇറാന്റെ അഭ്യർഥന ഫിഫ നിരസിച്ചിരുന്നു. എന്നാൽ നിലവിലെ ടിക്കറ്റ് വിവാദത്തിൽ ഫിഫയോ ടൂർണമെന്റ് സംഘാടകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇതിനിടെ, ലോകകപ്പ് നിയന്ത്രിക്കേണ്ടിയിരുന്ന ആദ്യ സൊമാലിയൻ റഫറിയായ ഒമർ അബ്ദുൽഖാദിർ അർതാന് യു.എസിൽ പ്രവേശനം നിഷേധിക്കപ്പെട്ടതും വലിയ വിവാദമായിട്ടുണ്ട്. ഇതേത്തുടർന്ന് അർതാനെ മാച്ച് ഒഫീഷ്യൽമാരുടെ പട്ടികയിൽനിന്ന് ഫിഫ ഒഴിവാക്കി. ആഫ്രിക്കൻ ഫുട്ബോളിലെ മികച്ച റഫറിയായ അദ്ദേഹത്തെ മിയാമി വിമാനത്താവളത്തിൽ വെച്ചാണ് ഇമിഗ്രേഷൻ അധികൃതർ തടഞ്ഞത്. ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൊമാലിയയും ഉൾപ്പെടുന്നുണ്ടെങ്കിലും, അർതാനെ തിരിച്ചയച്ചതിന് യു.എസ് അധികൃതർ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. നയതന്ത്ര പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ ഉണ്ടായിരുന്നിട്ടും പ്രവേശനം നിഷേധിച്ചതിൽ സൊമാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് വിശദീകരണം തേടിയിരുന്നു. യു.എസിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ ഒമർ അർതാന് ലോകകപ്പിൽ മത്സരം നിയന്ത്രിക്കാൻ സാധിക്കില്ലെന്നും, വിസയും പ്രവേശനവും പൂർണമായും ആതിഥേയ രാജ്യത്തിന്റെ തീരുമാനമാണെന്നും ഫിഫ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.

Also read: