21/07/2026
[fontresizer_tawhidurrahmandear_widget]

പോലീസ് സ്റ്റേഷൻ ആക്രമിച്ച് ആർമി കമാൻഡോകൾ, പോലീസിന് ക്രൂരമർദനം: കേണലും മേജറും ഉൾപ്പെടെ 40 പേർക്കെതിരെ കേസ് | Kishtwar Police Station Attack

 പോലീസ് സ്റ്റേഷൻ ആക്രമിച്ച് ആർമി കമാൻഡോകൾ, പോലീസിന് ക്രൂരമർദനം: കേണലും മേജറും ഉൾപ്പെടെ 40 പേർക്കെതിരെ കേസ് | Kishtwar Police Station Attack

ശ്രീനഗർ: ജമ്മു കശ്മീരിലെ മലയോര ജില്ലയായ കിഷ്ത്വാറിൽ ഇന്ത്യൻ സൈന്യവും പ്രാദേശിക പോലീസും തമ്മിൽ സംഘർഷം(Kishtwar Police Station Attack). പോലീസ് സ്റ്റേഷൻ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ മർദിക്കുകയും സർക്കാർ വാഹനങ്ങളും പൊതുമുതലുകളും തകർക്കുകയും ചെയ്ത സംഭവത്തിൽ സൈനികർക്കെതിരെ കേസ്. ഒരു കേണലും മേജറും ഉൾപ്പെടെ നാൽപ്പതോളം സൈനികർക്കെതിരെയാണ് ജമ്മു കശ്മീർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ’17 രാഷ്ട്രീയ റൈഫിൾസ്’ കമാൻഡിങ് ഓഫീസറായ കേണൽ എൻ. അരുൺ ഗാന്ധി, മേജർ വികാസ് ശർമ, നായിബ് സുബേദാർ ശങ്കർ ഗുർഖെ എന്നിവരടക്കം തിരിച്ചറിഞ്ഞതും അല്ലാത്തതുമായ 30-നും 40-നും ഇടയിൽ സൈനികർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ(ബിഎൻഎസ്) വധശ്രമം അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്.

ട്രാഫിക് ലംഘനവും തർക്കവും: സംഘർഷത്തിന്റെ തുടക്കം

കിഷ്ത്വാർ ഡിസ്ട്രിക്റ്റ് കമ്മീഷണർ(ഡി.സി) പങ്കജ് ശർമ പങ്കെടുത്ത ‘ബ്ലോക്ക് ദിവസ്’ എന്ന പൊതുജന സമ്പർക്ക പരിപാടിയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. അതോലി മേഖലയിലെ ഇടുങ്ങിയ പ്രാദേശിക റോഡിലൂടെ ഡി.സിയുടെ വാഹനവ്യൂഹം വരുമ്പോൾ എതിർദിശയിൽനിന്ന് ഒരു സ്വകാര്യ കാർ വരികയായിരുന്നു. യൂണിഫോമിലല്ലാതിരുന്ന ഒരു സൈനികനാണ് ഈ കാർ ഓടിച്ചിരുന്നത് (ഇയാൾ 11 രാഷ്ട്രീയ റൈഫിൾസിലെ അംഗമാണെന്ന് പിന്നീട് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു).

ഡി.സിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഈ കാർ വശത്തേക്ക് മാറ്റിയിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ട്രാഫിക് നിയമലംഘനം ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറും(എആർടിഒ) പോലീസും ചേർന്ന് ഈ വാഹനം കസ്റ്റഡിയിലെടുക്കുകയും അതോലി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഉയർന്ന സൈനിക ഉദ്യോഗസ്ഥരുടെ ഫോൺ കോളുകളെ തുടർന്ന് പോലീസ് പിന്നീട് വാഹനം വിട്ടുനൽകിയെങ്കിലും തർക്കം അവിടെ തീർന്നില്ല. തങ്ങളുടെ സഹപ്രവർത്തകനെ പോലീസ് അപമാനിച്ചു എന്ന ബോധ്യത്തിൽനിന്ന് സൈന്യം തിരിച്ചടിക്കാൻ പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

പോലീസ് സ്റ്റേഷൻ ലക്ഷ്യമിട്ട് ആസൂത്രിത ആക്രമണം

വാഹനം വിട്ടയച്ച് ഒന്നര മണിക്കൂറിന് ശേഷമാണ് കിലായീയിലെ ’17 രാഷ്ട്രീയ റൈഫിൾസ്’ ക്യാമ്പിൽനിന്ന് സൈനികരുടെ സംഘം അതോലി പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങിയത്. കമാൻഡിങ് ഓഫീസർ കേണൽ എൻ. അരുൺ ഗാന്ധിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ഈ നീക്കം നടന്നതെന്ന് പോലീസ് എഫ്.ഐ.ആർ ആരോപിക്കുന്നു. മേജർ വികാസ് ശർമ, നായിബ് സുബേദാർ ശങ്കർ ഗുർഖെ എന്നിവരുടെ നേതൃത്വത്തിൽ ഇരുമ്പ് വടികളും ലാത്തികളും സർവീസ് ആയുധങ്ങളുമായി എത്തിയ സംഘം അതോലി പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു.

പോലീസ് സ്റ്റേഷന്റെ പ്രധാന കവാടവും അതിർത്തി മതിലുകളും ബലം പ്രയോഗിച്ച് ചാടിക്കടന്നാണ് സൈനികർ അകത്തെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ മാരകമായി പരിക്കേൽപ്പിക്കുക എന്ന വ്യക്തമായ ക്രിമിനൽ ഗൂഢാലോചനയോടെയാണ് ഇവർ എത്തിയതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ അമൃത് കോട്ടച്ചിന്റെ പരാതിയിൽ പറയുന്നു.

സംഭവം നടക്കുമ്പോൾ എസ്.എച്ച്.ഓ അമൃത് കോട്ടച്ച് ഡി.സിയുടെ മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ ആക്രമണം നടക്കുന്ന വിവരമറിഞ്ഞ് അദ്ദേഹം അടിയന്തിരമായി സ്റ്റേഷനിലേക്ക് തിരിച്ചെത്തി. എന്നാൽ, സ്റ്റേഷൻ വളപ്പിലേക്ക് കടന്നയുടൻ മേജർ വികാസ് ശർമയുടെ നേതൃത്വത്തിലുള്ള സൈനിക സംഘം തന്നെ ശാരീരികമായി കൈയേറ്റം ചെയ്യുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തതായി ഇൻസ്‌പെക്ടർ പരാതിയിൽ പറയുന്നു.

മുതിർന്ന ഉദ്യോഗസ്ഥർക്കും ക്രൂരമർദനം

സ്റ്റേഷനിലെ ക്രമസമാധാനം വീണ്ടെടുക്കാൻ എത്തിയ സബ് ഡിവിഷണൽ പോലീസ് ഓഫീസർ(എസ്ഡിപിഒ) വിജയ് കുമാർ ഭഗതിനെയും സൈനികർ ക്രൂരമായി മർദിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യൽ പോലീസ് ഓഫീസർ(എസ്പിഒ) സുരേഷ് കുമാറിന്റെ കഴുത്തിന് പിന്നിൽ സൈനികർ തോക്കിന്റെ പിൻഭാഗം കൊണ്ട് ശക്തമായി ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാറിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഇതിനുപുറമേ, ട്രാഫിക് പരിശോധനയ്ക്ക് നേതൃത്വം നൽകിയ കിഷ്ത്വാർ എആർടിഒ തസ്ലീം ജാവേദ് വാനി, അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാർ എന്നിവരും സ്റ്റേഷനകത്ത് വെച്ച് ആക്രമിക്കപ്പെട്ടു. അക്രമികൾ പോലീസ് സ്റ്റേഷന്റെ പ്രധാന ഗേറ്റ് തകർക്കുകയും അവിടെ പാർക്ക് ചെയ്തിരുന്ന എആർടിഒ, എസ്ഡിപിഒ, എസ്എച്ച്ഒ എന്നിവരുടെ ഔദ്യോഗിക വാഹനങ്ങൾ വ്യാപകമായി അടിച്ചുതകർക്കുകയും ചെയ്തു.

ചുമത്തപ്പെട്ടത് കടുത്ത നിയമവകുപ്പുകൾ

ഭാരതീയ ന്യായ സംഹിത(ബിഎൻസ്) പ്രകാരമുള്ള അതോലി പോലീസ് സ്റ്റേഷനിലെ എഫ്.ഐ.ആർ നമ്പർ 17/2026 അനുസരിച്ച് കടുത്ത വകുപ്പുകളാണ് സൈനികർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വധശ്രമം, നിയമവിരുദ്ധമായി ഒത്തുചേരലും കലാപമുണ്ടാക്കലും, പൊതുപ്രവർത്തകരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ആക്രമിക്കുകയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്യുക, വീടോ സർക്കാർ ഓഫീസോ അതിക്രമിച്ചു കയറൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 3(1) എന്നിവയും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേണൽ എൻ. അരുൺ ഗാന്ധി, മേജർ വികാസ് ശർമ എന്നിവർക്ക് പുറമെ രാജ് കുമാർ, രാഹുൽ കുമാർ, അനൂപ് സിങ്, ഓംകാർ ഇംഗാലെ എന്നീ സൈനികരെയും എഫ്.ഐ.ആറിൽ പേരെടുത്ത് പ്രതി ചേർത്തിട്ടുണ്ട്.

സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

സംഭവം വൻ വിവാദമായതോടെ വിഷയത്തിൽ സൈന്യം ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. പ്രാദേശിക പോലീസുമായി ചേർന്ന് സംയുക്ത അന്വേഷണം നടത്തുമെന്നും നിയമനടപടികളോട് പൂർണമായി സഹകരിക്കുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

”കിഷ്ത്വാറിലെ അതോലി പോലീസ് സ്റ്റേഷനിൽ പ്രാദേശിക പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയം കൃത്യമായ വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെ പരിശോധിച്ചുവരികയാണ്. നിയമപരമായ എല്ലാ നടപടികളോടും ഇന്ത്യൻ സൈന്യം പൂർണമായി സഹകരിക്കും. സംയുക്ത അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.”-ജമ്മുവിലെ ഡിഫൻസ് പി.ആർ.ഒ ലെഫ്റ്റനന്റ് കേണൽ സുനീൽ ബർത്വാൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ ആദർശ് കാന്തിനാണ് കേസന്വേഷണത്തിന്റെ ചുമതല. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കശ്മീരിലെ തന്ത്രപ്രധാനമായ ഒരു മേഖലയിൽ ക്രമസമാധാനവും സുരക്ഷയും കൈകാര്യം ചെയ്യുന്ന രണ്ട് സുപ്രധാന വിഭാഗങ്ങൾ തമ്മിലുണ്ടായ ഈ മോശം സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

Also read: