22/07/2026
[fontresizer_tawhidurrahmandear_widget]

കെ.ടി.യു റാങ്കിങ്ങിൽ മികച്ച നേട്ടവുമായി എം.ഇ.എ എൻജിനീയറിങ് കോളേജ്; മലപ്പുറത്ത് ഒന്നാമത്

 കെ.ടി.യു റാങ്കിങ്ങിൽ മികച്ച നേട്ടവുമായി എം.ഇ.എ എൻജിനീയറിങ് കോളേജ്; മലപ്പുറത്ത് ഒന്നാമത്

മലപ്പുറം: ജില്ലയിലെ എൻജിനീയറിങ് കോളേജുകളിൽ റാങ്കിൽ തിളക്കവുമായി പെരിന്തൽമണ്ണ എം.ഇ.എ. എ.പി.ജെ അബ്ദുൽ കലാം കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു) പുറത്തുവിട്ട 2026 ബാച്ചിന്റെ ബി.ടെക് പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള കോളേജ് റാങ്കിങ്ങിൽ എം.ഇ.എ എൻജിനീയറിങ് കോളേജിന് മികച്ച നേട്ടം. മലപ്പുറം ജില്ലയിലെ എൻജിനീയറിങ് കോളേജുകളിൽ ഏറ്റവും ഉയർന്ന വിജയശതമാനത്തോടെ എം.ഇ.എ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സംസ്ഥാനതലത്തിൽ പൊതുറാങ്കിങ്ങിൽ 30-ാം സ്ഥാനവും, സ്വാശ്രയ എൻജിനീയറിങ് കോളേജുകളുടെ വിഭാഗത്തിൽ 13-ാം സ്ഥാനവും നേടിയാണ് കോളേജ് ഈ തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. കഠിനമായ മത്സരമുള്ള സംസ്ഥാന റാങ്കിങ്ങിൽ മുൻനിരയിലേക്ക് ഉയരാൻ സാധിച്ചത് കോളേജിന് അഭിമാനാർഹമായ നേട്ടമാണ്.

വിദ്യാർത്ഥികളുടെ മികച്ച പഠനനിലവാരം, അധ്യാപകരുടെ അർപ്പണബോധത്തോടെയുള്ള സേവനം, മാതാപിതാക്കളുടെ നിരന്തരമായ പിന്തുണ, മാനേജ്മെന്റിന്റെ കൃത്യമായ മേൽനോട്ടത്തിൽ സ്ഥാപനം പുലർത്തുന്ന അക്കാദമിക് മികവ് എന്നിവയുടെ സംയുക്ത ഫലമായാണ് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് കോളേജ് അധികൃതർ അറിയിച്ചു.

ഈ വലിയ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ഇതര ജീവനക്കാർ, കോളേജിന്റെ അഭ്യുദയകാംക്ഷികൾ എന്നിവരോടുള്ള ആത്മാർത്ഥമായ നന്ദിയും കടപ്പാടും കോളേജ് മാനേജ്മെന്റ് രേഖപ്പെടുത്തി. അക്കാദമിക് രംഗത്ത് ഇനിയും മികച്ച മുന്നേറ്റങ്ങൾ തുടരുമെന്നും കോളേജ് അധികൃതർ കൂട്ടിച്ചേർത്തു.

Also read: