23/06/2026
[fontresizer_tawhidurrahmandear_widget]

251 കി.മീ വേഗതയിൽ ചീറിപ്പാഞ്ഞ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ച് ചിന്നിച്ചിതറി; ‘ബർത്ത് ഡേ’ ആഘോഷയാത്ര ദുരന്തമായി-മലയാളി യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം

 251 കി.മീ വേഗതയിൽ ചീറിപ്പാഞ്ഞ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ച് ചിന്നിച്ചിതറി; ‘ബർത്ത് ഡേ’ ആഘോഷയാത്ര ദുരന്തമായി-മലയാളി യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബദ്ലാപുരിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ കാറപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. കോട്ടയം സ്വദേശിയും മുംബൈ ബാന്ദ്രയിൽ താമസക്കാരിയുമായ റബേക്ക ജേക്കബ് (24), സുഹൃത്തും ബദ്ലാപുർ സ്വദേശിയുമായ യോഗേഷ് നേഗി (26) എന്നിവരാണ് അപകടത്തിൽ മരിച്ചത്. റബേക്കയുടെ പിറന്നാൾ ആഘോഷത്തിനിടയിലാണു ദാരുണമായ സംഭവം. നിർമാണത്തിലിരിക്കുന്ന മുംബൈ-ഡൽഹി എക്‌സ്പ്രസ് വേയിൽ തദ്ദേശവാസികളുടെ കണ്ണുവെട്ടിച്ച് നടക്കുന്ന അനധികൃത ഡ്രാഗ് റേസിങ്ങിന്റെയും സ്റ്റണ്ട് ബൈക്ക് റൈഡിങ്ങിന്റെയും ഒടുവിലത്തെ ഇരകളാണ് മരിച്ച രണ്ടു യുവാക്കളുമെന്ന് പോലീസ് പറഞ്ഞു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോമയിലായ ആഡംബര കാറിന്റെ ഡ്രൈവറും പ്രമുഖ വ്യവസായിയുടെ മകനുമായ അങ്കത് ഗില്ലിനെതിരെ (26) ഭാരതീയ ന്യായ സംഹിതയിലെ കടുത്ത വകുപ്പുകൾ പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അങ്കതിന്റെ രക്തസാമ്പിളുകൾ ലഹരി പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.

വേഗതയുടെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ; ഇരുമ്പുകൂടാരമായി കാർ

അപകടം നടക്കുന്നതിന് തൊട്ടുമുൻപ് കാറിലുണ്ടായിരുന്നവർ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങൾ നാടിനെ നടുക്കുന്നതാണ്. ആഡംബര സ്‌പോർട്‌സ് കാറായ ബി.എം.ഡബ്ല്യു ഇസെഡ്4 കൺവേർട്ടിബിളിന്റെ സ്പീഡോമീറ്ററിൽ സൂചി കാണിക്കുന്നത് മണിക്കൂറിൽ 251 കിലോമീറ്റർ എന്ന അമ്പരപ്പിക്കുന്ന വേഗതയാണ്. ഈ മരണപ്പാച്ചിലിനിടയിലാണ് വാഹനം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലും അതിനുശേഷമുണ്ടായിരുന്ന റോഡരികിലെ വലിയ ഇരുമ്പ് തൂണിലും ഇടിച്ചുതകർന്നത്.

ഇടിയുടെ ആഘാതത്തിൽ കോടികൾ വിലമതിക്കുന്ന സ്‌പോർട്‌സ് കാർ പൂർണമായും തകർന്ന് റോഡിൽ പലഭാഗങ്ങളായി ചിതറിത്തെറിച്ചു. കാറിന്റെ എഞ്ചിനും മറ്റ് പ്രധാന ഭാഗങ്ങളും സംഭവസ്ഥലത്തുനിന്നും വലിയ ദൂരത്തിലാണ് തെറിച്ചുവീണത്. അപകടസമയത്ത് വാഹനം കുറഞ്ഞത് 200 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് താനെ ഡി.സി.പി സച്ചിൻ ഗോറെ സ്ഥിരീകരിച്ചു.

സീറ്റിലിടമില്ലാതെ റബേക്ക; ദാരുണമായ അന്ത്യം

പോലീസ് റിപ്പോർട്ടിലെ വിവരങ്ങൾ അനുസരിച്ച് ബി.എം.ഡബ്ല്യു ഇസെഡ്4 ഒരു ‘ടു-സീറ്റർ’ (രണ്ടുപേർക്ക് മാത്രം ഇരിക്കാവുന്ന) സ്‌പോർട്‌സ് കാറാണ്. എന്നാൽ ഈ വാഹനത്തിൽ മൂന്നുപേരാണ് യാത്ര ചെയ്തിരുന്നത്. അങ്കത് ഗിൽ ഡ്രൈവിങ് സീറ്റിലും പിറന്നാൾ ആഘോഷിച്ചിരുന്ന യോഗേഷ് നേഗി വശത്തെ പാസഞ്ചർ സീറ്റിലുമായിരുന്നു. രണ്ടു സീറ്റുകൾക്ക് മധ്യത്തിലായി നിൽക്കുന്ന രീതിയിലാണ് റബേക്ക ജേക്കബ് യാത്ര ചെയ്തിരുന്നതെന്നാണ് പോലീസ് നിഗമനം.

വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ നിമിഷം, കാറിന്റെ മുകൾഭാഗം തുറന്ന നിലയിലായതിനാൽ, റബേക്ക വായുവിൽ ഏതാണ്ട് 30 മീറ്ററോളം ദൂരേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തിലാണ് റബേക്ക മരണപ്പെടുന്നത്. ഡിവൈഡറിൽ ഇടിച്ച ശേഷം കാർ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് വീണ്ടും ഇടിച്ചുകയറിയപ്പോഴാണ് പാസഞ്ചർ സീറ്റിലിരുന്ന യോഗേഷ് നേഗിക്ക് മാരകമായി പരിക്കേൽക്കുന്നതും സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടപ്പെടുന്നതും. വാഹനം ഓടിച്ചിരുന്ന അങ്കത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലും എയർബാഗുകൾ യഥാസമയം പ്രവർത്തിച്ചതിനാലുമാണ് ജീവനോടെ അവശേഷിച്ചത്. എന്നാൽ, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ കല്യാണിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

ആഘോഷത്തിൽ തുടങ്ങിയ യാത്ര

റബേക്കയുടെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് ഇവരെല്ലാം ശനിയാഴ്ച രാത്രി ഒരുമിച്ചുകൂടിയതെന്നാണു വിവരം. ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ സഹപ്രവർത്തകരായിരുന്നു മരിച്ച റബേക്കയും യോഗേഷും. രാത്രി വൈകി കേക്ക് മുറിച്ച ശേഷമാണ് മൂവരും ചേർന്ന് അങ്കതിന്റെ ബി.എം.ഡബ്ല്യു കാറിൽ അതിവേഗ റൈഡിനായി ഇറങ്ങിയത്. ഏറെ ആഹ്ലാദത്തോടെ തുടങ്ങിയ ജന്മദിന ആഘോഷമാണ് മിനിറ്റുകൾക്കകം ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വൻ ദുരന്തമായി മാറിയത്.

വർഷങ്ങൾക്ക് മുൻപ് കോട്ടയത്തുനിന്നും മുംബൈയിലേക്ക് കുടിയേറിയതാണ് റബേക്കയുടെ കുടുംബം. റബേക്കയുടെ സംസ്‌കാരം മുംബൈ ശിവ്രിയിലെ സെമിത്തേരിയിൽ നടക്കും. യോഗേഷിന്റെ അന്ത്യകർമങ്ങൾ തിങ്കളാഴ്ച പൂർത്തിയായിരുന്നു.

നിയമവിരുദ്ധ റേസിങ്ങിന്റെ താവളമായി മാറിയ എക്‌സ്പ്രസ് വേ

നിർമാണത്തിലിരിക്കുന്ന മുംബൈ-ഡൽഹി എക്‌സ്പ്രസ് വേയിൽ ബദ്ലാപുരിലെ ഭോജ് ഗ്രാമം മുതൽ ഭീവണ്ടി വരെയുള്ള 26 കിലോമീറ്റർ പാതയാണ് യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനങ്ങൾക്ക് വേദിയാകുന്നത്. ഈ പാതയുടെ സിവിൽ ജോലികൾ ഭൂരിഭാഗവും പൂർത്തിയായെങ്കിലും ഔദ്യോഗികമായി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടില്ല. അതിനാൽത്തന്നെ വഴി തടസ്സപ്പെടുത്തിക്കൊണ്ട് വലിയ കോൺക്രീറ്റ് ബ്ലോക്കുകളും മണ്ണുനിറച്ച വലിയ ഡ്രമ്മുകളും അധികൃതർ സ്ഥാപിച്ചിരുന്നു.

എന്നാൽ, തദ്ദേശവാസികളായ ചില വ്യക്തികളുടെ സഹായത്തോടെ റേസിങ് കമ്പക്കാരായ യുവാക്കൾ ഈ തടസ്സങ്ങൾ ബലം പ്രയോഗിച്ച് മാറ്റുകയും രാത്രികാലങ്ങളിൽ വാഹനങ്ങളുമായി പാതയിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്യുക പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഒരു ചെറിയ പാതയിൽ മാത്രം അമിതവേഗത കാരണം അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്.

മാത്രമല്ല, വൈകുന്നേരമാകുന്നതോടെ ഈ വിജനമായ പാതയിൽ കാറുകളും ബൈക്കുകളും റേസിങ്ങിനായി എത്താറുണ്ടെന്നും പരസ്യമായ മദ്യപാന പാർട്ടികളും ബൈക്ക് സ്റ്റണ്ടുകളും ഇവിടെ പതിവാണെന്നും എരഞ്ചാട് ഗ്രാമവാസിയായ രൂപേഷ് ഭോയിർ ആരോപിച്ചു. നിർമ്മാണക്കമ്പനിയുടെ സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടയാൻ ശ്രമിച്ചാൽ കായികാക്രമണവും ഭീഷണിയുമാണ് നേരിടേണ്ടി വരുന്നത്.

കടുത്ത വകുപ്പുകൾ പ്രകാരം കേസ്

അപകടത്തെത്തുടർന്ന് ബദ്ലാപുർ വെസ്റ്റ് പോലീസ് സാരമായ വീഴ്ച വരുത്തിയ ഡ്രൈവർ അങ്കത് ഗില്ലിനെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 (അപകടമുണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും മനഃപൂർവ്വമല്ലാത്ത നരഹത്യ വരുത്തുക), സെക്ഷൻ 281 (അശ്രദ്ധമായ ഡ്രൈവിങ്), മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 112, 183, 184 (അമിതവേഗതയും അപകടകരമായ രീതിയിലുള്ള വാഹനമോടിക്കലും) എന്നിവ പ്രകാരമാണ് കേസ്.

നിർമാണത്തിലിരിക്കുന്ന എക്‌സ്പ്രസ് വേയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് പൂർണമായും തടയാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പാത പൂർണ്ണമായും അടച്ചുപൂട്ടണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. യുവാക്കളുടെ വേഗതയോടുള്ള ഭ്രമവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള യാത്രയും വീണ്ടും രണ്ട് വിലപ്പെട്ട ജീവനുകളാണ് ഇല്ലാതാക്കിയത്.

Also read: