25/07/2026
[fontresizer_tawhidurrahmandear_widget]

15,000 പേരെ കൊല്ലാൻ പദ്ധതി! മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത യുവാവ് മുംബൈയിൽ പിടിയിൽ

 15,000 പേരെ കൊല്ലാൻ പദ്ധതി! മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത യുവാവ് മുംബൈയിൽ പിടിയിൽ

മുംബൈ: മുംബൈയിലെ ബൈക്കുളയിൽ നടന്ന മുഹറം ഘോഷയാത്രയ്ക്കിടെ 15,000-ത്തോളം പേരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് വിഷഗുളികകൾ വിതരണം ചെയ്ത യുവാവ് പോലീസിന്റെ പിടിയിലായി. ഫയാസ് പ്രേംജി എന്ന പ്രതിയാണ് മുംബൈ പോലീസിന്റെ പിടിയിലായത്. ഘോഷയാത്രയ്ക്കിടെ വിതരണം ചെയ്തത് വിഷഗുളികകളാണെന്നും 15,000 പേരെ കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് സമ്മതിച്ചു.

റീ റോഡിലെ റഹ്മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന ഘോഷയാത്രയ്ക്കിടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ശരീരവേദനയ്ക്കുള്ള വേദനസംഹാരികളാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആളുകൾക്ക് ഈ മാരക ഗുളികകൾ നൽകിയത്. ഘോഷയാത്രയിൽ പങ്കെടുത്ത മൂന്ന് വനിതാ വോളന്ററിയർമാർക്ക് ഇയാളുടെ പെരുമാറ്റത്തിൽ തോന്നിയ സംശയമാണ് വലിയൊരു ദുരന്തം ഒഴിവാക്കാനും പ്രതിയെ കുടുക്കാനും സഹായിച്ചത്. ഇവർ ഗുളികകൾ വാങ്ങി പരിശോധിച്ചപ്പോൾ ഉള്ളിൽ പൊടിരൂപത്തിലുള്ള പദാർഥം കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഇവർ ഉടനടി പോലീസിനെ വിവരമറിയിക്കുകയും ഘോഷയാത്രയിൽ പങ്കെടുത്തവർ ആരും തന്നെ ഈ ഗുളിക കഴിക്കരുതെന്ന് ഉച്ചഭാഷിണിയിലൂടെ അടിയന്തര മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ അതിനോടകം തന്നെ ഗുളിക കഴിച്ച 11 പേർക്ക് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം. അറസ്റ്റിലായ പ്രതിയുടെ പക്കൽ നിന്നും 14,900 വിഷഗുളികകൾ പോലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമെ 30,000 ഒഴിഞ്ഞ ക്യാപ്സ്യൂളുകൾക്കും 50 കിലോ ഫോസ്ഫറസിനും ഇയാൾ ഓർഡർ നൽകിയിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജയന്ത് മീന അറിയിച്ചു.

എലിവിഷത്തിൽ സാധാരണയായി അടങ്ങിയിരിക്കുന്നതും അതീവ അപകടകാരിയുമായ ‘സിങ്ക് ഫോസ്ഫൈഡ്’ എന്ന രാസവസ്തുവാണ് ഈ ഗുളികകളിൽ ചേർത്തിരുന്നതെന്ന് രാസപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇത് വയറ്റിലെ ആസിഡുമായി കലരുമ്പോൾ മാരകമായ ഫോസ്ഫിൻ വാതകം ഉത്പാദിപ്പിക്കുകയും ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. കസ്റ്റഡിയിലായ പ്രതിക്ക് ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് പോലീസ് അതീവ ഗൗരവത്തോടെ അന്വേഷിച്ചുവരികയാണ്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 123 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതി പ്രതിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Also read: