04/06/2026
[fontresizer_tawhidurrahmandear_widget]

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു; മകൾക്ക് സർക്കാർ ജോലി

 നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു; മകൾക്ക് സർക്കാർ ജോലി

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കുടുംബത്തിന്റെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അടിയന്തര തീരുമാനമുണ്ടായത്. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനൊപ്പം, നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നവീൻ ബാബുവിന്റെ കുടുംബം തുടക്കം മുതൽക്കേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ നിയമസഭാ മന്ദിരത്തിലെത്തി മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സിബിഐ അന്വേഷണം ഉറപ്പാക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നതുമാണ്. കേന്ദ്ര ഏജൻസി കേസ് ഏറ്റെടുക്കുന്നതോടെ പി.പി ദിവ്യ അടക്കമുള്ളവർക്കെതിരെ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

അതേസമയം, നവീൻ ബാബുവിന്റെ മരണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ കുടുംബത്തോടൊപ്പം നിൽക്കുകയും പി.പി ദിവ്യയെ തള്ളിപ്പറയുകയും ചെയ്ത സിപിഎം നേതൃത്വം, സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ നിലപാട് മാറ്റി. സിബിഐ അന്വേഷണം കേന്ദ്രവുമായുള്ള ഒത്തുകളിയാണെന്ന് ഇ.പി ജയരാജൻ അടക്കമുള്ള നേതാക്കൾ ആരോപിച്ചു. എന്നാൽ, മുൻ റെവന്യൂ മന്ത്രി കെ. രാജൻ അടക്കമുള്ളവർ സിപിഎം നിലപാടിനെ തള്ളി നവീൻ ബാബുവിന്റെ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Also read: