24/07/2026
[fontresizer_tawhidurrahmandear_widget]

പഴകിയ ചോറും നൂഡിൽസും ബീഫും കുഴിമന്തിയും ചൂടാക്കി വിൽപന; കോട്ടയത്ത് ഹോട്ടലുകൾക്കെതിരെ നടപടി, കള്ളുഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

 പഴകിയ ചോറും നൂഡിൽസും ബീഫും കുഴിമന്തിയും ചൂടാക്കി വിൽപന; കോട്ടയത്ത് ഹോട്ടലുകൾക്കെതിരെ നടപടി, കള്ളുഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോട്ടയം: ജില്ലയിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി അധികൃതർ. കുമരകം പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിലെ തലക്കറി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 15 ആയി ഉയർന്നതോടെ പ്രസ്തുത ഷാപ്പിന്റെയും ഇതേ ഉടമകളുടെ മറ്റ് ആറ് ഷാപ്പുകളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനാണ് നടപടി. രാസപരിശോധനയിൽ കള്ളിൽ വിഷാംശം കണ്ടെത്തിയിട്ടില്ല. എക്സൈസ് കമ്മിഷണറുടെ ഹിയറിങ്ങിന് ശേഷമാകും അന്തിമ തീരുമാനം. കള്ളുഷാപ്പുകളിലും ബാറുകളിലും സാമൂഹികാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്പ്പിച്ചു.

അതേസമയം, കോട്ടയം നഗരസഭാ ആരോഗ്യ വകുപ്പ് നഗരത്തിലെ 22 ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒൻപത് സ്ഥാപനങ്ങളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം പിടികൂടി. ചോറ്, നൂഡിൽസ്, ബീഫ്, കുഴിമന്തി, അൽഫാം തുടങ്ങിയവയാണ് കണ്ടെത്തിയത്. നിറവും ഗന്ധവും മാറിയ പഴകിയ ഭക്ഷണം വീണ്ടും ചൂടാക്കിയും പുതിയ ഭക്ഷണത്തോടൊപ്പം ചേർത്തും വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകി. വരും ദിവസങ്ങളിലും സംയുക്ത സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Also read: