13/06/2026
[fontresizer_tawhidurrahmandear_widget]

പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം, വ്യോമയാന വകുപ്പുകൾ ഒഴിവാക്കി, റിപ്പോർട്ട് അംഗീകരിച്ച് കോടതി

 പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം, വ്യോമയാന വകുപ്പുകൾ ഒഴിവാക്കി, റിപ്പോർട്ട് അംഗീകരിച്ച് കോടതി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസമായി കോടതി തീരുമാനം. പ്രതികൾക്കെതിരെ നേരത്തെ ചുമത്തിയിരുന്ന വ്യോമയാന വകുപ്പുകൾ ഒഴിവാക്കിക്കൊണ്ടുള്ള പൊലീസ് റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു. നിലവിലെ യു.ഡി.എഫ് സർക്കാരാണ് ഈ വകുപ്പ് ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. 2022 ജൂൺ 13-ന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചത്.

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പാഞ്ഞടുത്തു എന്നാരോപിച്ച് ഫർസീൻ മജീദ്, ആർ.കെ നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രതിഷേധത്തിന് ആഹ്വാനം നൽകിയെന്ന കുറ്റത്തിന് അന്നത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥനെയും കേസിൽ പ്രതിചേർത്തിരുന്നു.

വിമാനത്തിൽ വെച്ച് യാത്രക്കാരനെ അപകടപ്പെടുത്താൻ ശ്രമിച്ചതിനും കേടുപാടുകൾ വരുത്തിയതിനുമുള്ള വ്യോമയാന നിയമത്തിലെ വകുപ്പുകളാണ് പ്രതികൾക്കെതിരെ പ്രധാനമായും ചുമത്തിയിരുന്നത്. ഇടത് സർക്കാർ ഭരണത്തിലിരുന്ന സമയത്ത് ഇതിൽ പ്രോസിക്യൂഷൻ അനുമതിക്കായി പൊലീസ് ശ്രമിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ല. പിന്നീട് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഈ വകുപ്പുകൾ പൂർണ്ണമായും ഒഴിവാക്കിയത്. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് വലിയ ആശ്വാസമാണ് കോടതിയുടെ ഈ അംഗീകാരം. എന്നാൽ, വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയെങ്കിലും പ്രതികളായ നാല് പേർക്കെതിരെയും വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ തുടർന്നും നിലനിൽക്കും. അതിനിടെ, വിമാനത്തിലെ പ്രതിഷേധത്തിനിടെ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തങ്ങളെ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ സ്വകാര്യ അന്യായം നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്.

Also read: