‘വിവാഹം വേണ്ടെന്ന് വീട്ടുകാരോട് പറയുന്നതിനേക്കാൾ എളുപ്പം കൊലപ്പെടുത്തുന്നത്’; പൂനെ കൊലപാതക കേസിൽ പ്രതി സിയയുടെ ഞെട്ടിക്കുന്ന മൊഴി
പൂനെ : പൂനെയിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കേതനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറുന്ന കാര്യം വീട്ടുകാരോട് സംസാരിക്കുന്നതിനേക്കാൾ എളുപ്പം അയാളെ കൊലപ്പെടുത്തുന്നതാണെന്ന് തോന്നിയതിനാലാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് സിയ പോലീസിനോട് സമ്മതിച്ചു.
വരുന്ന നവംബറിൽ നടക്കാനിരുന്ന വിവാഹം മുടക്കി സ്വന്തം കുടുംബത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും ചോദ്യംചെയ്യലിൽ സിയ വ്യക്തമാക്കി. സിയയും കാമുകനും കേസിലെ കൂട്ടുപ്രതിയുമായ ചേതൻ ചൗധരിയും തമ്മിൽ ഈ വർഷം ജനുവരി മുതൽ ഏകദേശം രണ്ടായിരത്തിലധികം തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് പുണെ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 18-നാണ് കേതൻ അഗർവാൾ ലോഹഗഡ് കോട്ടയിലെ കൊക്കയിൽ വീണ് മരിക്കുന്നത്. സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ പൂനെ , ലോണാവാല പോലീസ് സംഘങ്ങൾ ആറ് പ്രത്യേക ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി സിയയുടെ മാതാപിതാക്കളെയും സഹോദരൻ സാഹിലിനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
സിയയും ചേതനും തമ്മിൽ ഒരു സുഹൃത്തിന്റെ ദീപാവലി പാർട്ടിക്കിടെയാണ് പരിചയപ്പെടുന്നതെന്നും അടുപ്പത്തിലാകുന്നതെന്നും സഹോദരൻ സാഹിൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പൂർണ്ണമായും തെളിയിക്കുന്നതിനായി പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന് പുറമെ ഇരു കുടുംബങ്ങളും തമ്മിലുള്ള ഈ വിവാഹം നിശ്ചയിക്കുന്നതിന് ഇടനിലക്കാരായി നിന്നവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.