സ്പേസ് എക്സിന് ഓഹരി വിപണിയില്‍ വന്‍ തകർച്ച; 3 ദിവസം കൊണ്ട് മസ്കിന് നഷ്ടമായത് അംബാനിയുടെയും അദാനിയുടെയും ആകെ സ്വത്തിന്റെ മൂന്നിരട്ടി
ന്യൂയോർക്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായി കുതിച്ചുയർന്ന ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് ഓഹരി വിപണിയിൽ അപ്രതീക്ഷിത തിരിച്ചടി. വെറും മൂന്ന് വ്യാപാര ദിനങ്ങളിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് 600 ബില്യൺ ഡോളറിലധികം (ഏകദേശം 57 ലക്ഷം കോടി രൂപ) ആണ് തുടച്ചുനീക്കപ്പെട്ടത്. ഈ ഭീമമായ തകർച്ചയുടെ വലിപ്പം വ്യക്തമാകണമെങ്കിൽ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തിയുമായി ഒന്ന് താരതമ്യം ചെയ്താൽ മതിയാകും.
ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരായ ഗൗതം അദാനിയുടെയും (120 ബില്യൺ ഡോളർ), മുകേഷ് അംബാനിയുടെയും (88.3 ബില്യൺ ഡോളർ) ആകെ സ്വത്തിന്റെ ഏതാണ്ട് മൂന്നിരട്ടിയോളം വരും മസ്കിന്റെ ഈ ഒറ്റയടിയിലുള്ള നഷ്ടം. തിങ്കളാഴ്ച മാത്രം സ്പേസ് എക്സ് ഓഹരികളിൽ 16 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില 154.60 ഡോളറിലേക്ക് കൂപ്പുകുത്തി. കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. മൂന്ന് ദിവസത്തെ കണക്കെടുത്താൽ ആകെ 23 ശതമാനത്തിന്റെ തകർച്ചയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. ഇത്രയേറെ ഇടിവുണ്ടായിട്ടും, ഇപ്പോഴും 2 ട്രില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള സ്പേസ് എക്സ് ലോകത്തെ വമ്പൻ കമ്പനികളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ തുടരുന്നുണ്ട്.
റെക്കോർഡ് തുകയായ 75 ബില്യൺ ഡോളർ സമാഹരിച്ച ബംപർ ഐപിഒയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ വൻ തിരിച്ചടി നേരിട്ടിരിക്കുന്നത്. റോക്കറ്റുകൾ, സാറ്റലൈറ്റ് ആശയവിനിമയം, നിർമ്മിത ബുദ്ധി തുടങ്ങിയ മേഖലകളിലെ മസ്കിന്റെ പദ്ധതികളിൽ പങ്കാളികളാകാൻ നിക്ഷേപകർ ഇരച്ചെത്തിയതോടെ കമ്പനിയുടെ മൂല്യം അതിവേഗം കുതിച്ചുയർന്നിരുന്നു. ഐപിഒയ്ക്ക് ശേഷമുള്ള ആദ്യ കുതിപ്പിന് പിന്നിൽ പ്രധാനമായും ചെറുകിട നിക്ഷേപകരായിരുന്നു. ലിസ്റ്റ് ചെയ്ത ആദ്യ അഞ്ച് ദിവസങ്ങളിൽ തന്നെ അവർ 405 മില്യൺ ഡോളറിന്റെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. പ്രമുഖ ടെക് കമ്പനികളായ ‘മാഗ്നിഫിഷ്യന്റ് സെവൻ’ ഓഹരികളെപ്പോലും കടത്തിവെട്ടുന്ന പണമൊഴുക്കായിരുന്നു അന്ന് സ്പേസ് എക്സിലേക്ക് എത്തിയത്. ഇതേത്തുടർന്ന് നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുപ്പിന് മുതിർന്നതാണ് നിലവിലെ ഓഹരി വില ഇടിയാനുള്ള പ്രധാന കാരണം.
ഇതിന് പുറമെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്കുള്ള സ്പേസ് എക്സിന്റെ കടന്നുകയറ്റവും നിക്ഷേപകരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എഐ മേഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ബോണ്ട് വിൽപ്പനയിലൂടെ കുറഞ്ഞത് 20 ബില്യൺ ഡോളർ സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ, എഐ സ്റ്റാർട്ടപ്പായ ‘റിഫ്ളക്ഷൻ എഐ’യുമായി കോടിക്കണക്കിന് ഡോളറിന്റെ വമ്പൻ കരാറിലും സ്പേസ് എക്സ് ഒപ്പുവെച്ചിരുന്നു. ഈ നീക്കങ്ങൾ വിപണിയിൽ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതകളും അനിശ്ചിതത്വങ്ങളുമാണ് നിലവിലെ ഓഹരി തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന മറ്റൊരു പ്രധാന ഘടകമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.