അവിഹിത ബന്ധം ആരോപിച്ച് വീരപ്പന്റെ അഭിമുഖം; സൺ ടിവി 10 ലക്ഷം നഷ്ടപരിഹാരം നൽകണം; 28 വർഷത്തെ പോരാട്ടത്തിൽ നടി സുകന്യക്ക് നീതി
ചെന്നൈ: വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ തെന്നിന്ത്യന്‍ താരം സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 1996 ഏപ്രിലില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖവുമായി ബന്ധപ്പെട്ട 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നടിക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്. സുകന്യക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള 2015 ലെ വിചാരണക്കോടതി വിധി ജസ്റ്റിസ് കെ. കുമരേഷ് ബാബു ശരിവെക്കുകയായിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ സണ്‍ ടിവി നെറ്റ്വര്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി.
1996 ഏപ്രില്‍ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നക്കീരന്‍ എഡിറ്റര്‍ ആര്.ആർ ഗോപാല്‍ വീരപ്പനുമായി നടത്തിയ അഭിമുഖം സണ്‍ ടിവിയിലെ ‘നേരുക്കുനേര്‍’ എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്യുകയായിരുന്നു. അഭിമുഖത്തില്‍ സുകന്യക്ക് പി.വി നരസിംഹ റാവുവിന്റെ മകനുമായി അവിഹിത ബന്ധമുണ്ടെന്നും ഇത് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും വീരപ്പന് ആരോപിച്ചു. ഈ അടിസ്ഥാനരഹിതമായ ആരോപണം തന്റെ സല്‍പ്പേരിനെയും തൊഴിലിനെയും വ്യക്തിജീവിതത്തെയും ബാധിച്ചുവെന്നും കടുത്ത മാനസികാഘാതമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സുകന്യ കോടതിയെ സമീപിച്ചത്.
അഭിമുഖം തങ്ങളുടേതല്ലെന്നും നക്കീരന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമുള്ള സണ്‍ ടിവിയുടെ വാദം കോടതി തള്ളി. പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് അത് എഡിറ്റ് ചെയ്യാനും അനാവശ്യ ഭാഗങ്ങള്‍ ഒഴിവാക്കാനുമുള്ള പൂര്‍ണ അധികാരം ചാനലിനുണ്ടായിരുന്നു. എഡിറ്റോറിയല്‍ നിയന്ത്രണമുള്ളതിനാല്‍ ചാനലിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിവരങ്ങളുടെ സത്യാവസ്ഥ സുകന്യയോടോ മറ്റ് കേന്ദ്രങ്ങളോടോ അന്വേഷിക്കാന്‍ ചാനല്‍ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അഭിമുഖം വിവാദമായതിന് പിന്നാലെ ഒരു തമിഴ് മാഗസിനിലൂടെ സുകന്യയോട് ക്ഷമാപണം നടത്തിയിരുന്നു എന്ന് സണ്‍ ടിവി വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. സ്വന്തം ചാനലിലൂടെ ചെയ്ത തെറ്റിന് മറ്റൊരു മാധ്യമത്തിലൂടെ നടത്തിയ ക്ഷമാപണം സ്വീകാര്യമല്ലെന്ന് കോടതി വിലയിരുത്തി. തെറ്റായ വാര്‍ത്ത കണ്ട അതേ പ്രേക്ഷകരിലേക്ക് ക്ഷമാപണം എത്തണമെങ്കില്‍ അത് അതേ ചാനലിലൂടെ തന്നെ വേണമായിരുന്നുവെന്നും, അതിലെ വീഴ്ച ചാനലിന്റെ ദുരുദ്ദേശമാണ് വ്യക്തമാക്കുന്നതെന്നും കോടതി വിധിയില്‍ പറയുന്നു. അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഈ അഭിമുഖ ഭാഗങ്ങള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കുന്നതിനും കോടതി സ്ഥിരം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.