തദ്ദേശ വകുപ്പിൽ കൂട്ടസ്ഥലം മാറ്റം; 264 പേരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം. വിവിധ വിഭാഗങ്ങളിലായി 264 ഉദ്യോഗസ്ഥരെ ഒരുമിച്ച് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. മന്ത്രി കെഎം ഷാജിയുടെ നിർദേശം അനുസരിച്ചാണ് നടപടി. വകുപ്പിന് കീഴിലെ പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ, മറ്റ് അനുബന്ധ ഓഫീസുകൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന വിവിധ തലങ്ങളിലുള്ള ജീവനക്കാരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റി നിയമിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം മന്ത്രി തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്ത് വിവാദമായിരുന്നു. അസാധാരണ സാഹചര്യം കണക്കിലെടുത്ത് കൂട്ട സ്ഥലമാറ്റ ഉത്തരവിറക്കണമെന്നായിരുന്നു അദ്ദേഹം നൽകിയ കത്തിലുള്ള നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
ഇത്തരത്തിലൊരു കത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയത് വലിയ വിവാദമാവുകയും ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു. നിലവിൽ 264 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.