‘പാവങ്ങളുടെ വയറ്റത്തടിക്കരുത്, വീടുകളില്‍ പതിച്ച എംബ്ലത്തില്‍ മോദിയുടെ ചിത്രം ഇല്ല’; പിഎംഎവൈ വിവാദത്തില്‍ മന്ത്രി കെ.എം ഷാജി
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ കടുത്ത പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. പദ്ധതിയുടെ ഭാഗമായി വീടുകളില്‍ എംബ്ലം വെക്കുന്നതില്‍ തെറ്റില്ലെന്നാണ് താന്‍ പറഞ്ഞതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. പിഎംഎവൈ നിബന്ധനകളിലോ എംബ്ലത്തിലോ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലെന്നിരിക്കെ, കപട ആദര്‍ശം പറഞ്ഞ് പാവപ്പെട്ടവരുടെ വീട് മുടക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പാവപ്പെട്ട ആളുകള്‍ക്ക് പുതുതായി വീട് ലഭിക്കേണ്ട കരാറാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ പദ്ധതികള്‍ക്കായി ചെലവഴിക്കുന്നത് ജനങ്ങളുടെ പണമാണ്. കേരളത്തിന് കേന്ദ്ര വിഹിതം കുറവായതിനാല്‍ നിലവില്‍ വലിയ പ്രതിസന്ധിയുണ്ട്. ഏഴു ലക്ഷം രൂപയോളം ചെലവ് വരുന്ന വീടിന് നാല് ലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ നല്കാന് സാധിക്കുന്നത്. ഈ സാഹചര്യത്തിലും അനാവശ്യ വിവാദങ്ങളുണ്ടാക്കി പാവങ്ങളുടെ വയറ്റത്തടിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പിഎംഎവൈ പദ്ധതിയില്‍ പ്രധാനമന്ത്രി എന്ന ഡെസിഗനേഷന്‍ മാത്രമാണുള്ളത്. എന്നാല്‍ മുന്‍പ് ഇഎംഎസ് ഭവനപദ്ധതി നടപ്പിലാക്കിയവര്‍, അതിലൊരു വ്യക്തിയുടെ പേര് ചേര്‍ത്തതിനെക്കുറിച്ച് മിണ്ടുന്നില്ലെന്ന് മന്ത്രി പരിഹസിച്ചു. മുന്‍പ് മുഖ്യമന്ത്രി വിതരണം ചെയ്ത 1,60,000 വീടുകളില്‍ എവിടെയെങ്കിലും പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടോയെന്നും ഷാജി വെല്ലുവിളിച്ചു. സംസ്ഥാന വിഹിതം നല്കാന് പണമില്ലാത്ത സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയതെന്നും, അതിനായി ഇപ്പോള്‍ ആദര്‍ശം ചമഞ്ഞ് പതുക്കെ ഊരിപ്പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.