മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പോലീസുകാരന് സസ്‌പെൻഷൻ
കാസർകോട്: മന്ത്രി കെഎം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച വാട്‌സ്ആപിൽ സന്ദേശമയച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. കാസർകോട് ജില്ലയിലെ ‘പോലീസ് ഫ്രണ്ട്‌സ്’ എന്ന വാട്‌സ്ആപ് ഗ്രൂപ്പിലായിരുന്നു സന്ദേശം അയച്ചത്. ഉറക്കത്തിൽ പോലും മതം മാത്രം പറയുന്ന ഷാജി പിണറായിക്ക് മുന്നിൽ നിവർന്ന് നിൽക്കാൻ മുട്ടുവിറക്കുമെന്നായിരുന്നു അധിക്ഷേപം.
‘കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകളും യുഡിഎഫ് മുട്ടന്യായങ്ങൾ പറഞ്ഞ് ബഹിഷ്‌കരിച്ചിരിക്കുന്നു. അത് അവരുടെ സംസ്‌കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖരനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനെയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്ത് തൂവാല കൊണ്ട് മുഖം തുടച്ച് സ്‌കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽ പോലും മതം മതം മതമാണ് പ്രശ്‌നം എന്ന് പുലമ്പുന്ന കെ.എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറിവിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന് മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറക്കാൻ പോകുന്നതേയുള്ളൂ.;’ എന്നാണ് വാട്‌സ്ആപ് ഗ്രൂപ്പിൽ വന്ന സന്ദേശം.
സംഭവത്തിൽ നേരത്തെ റിപ്പോർട്ട് സമർപ്പിക്കുകയും ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.