ലഹരിക്കടത്ത് കേസ്; ബംഗ്ലാദേശിൽ എഐ സഹായത്തോടെ പോലീസ് പ്രതിയുടെ അർജന്റീന ജേഴ്‌സി ബ്രസീലാക്കി!
ധാക്ക: ലഹരിക്കേസിൽ അറസ്റ്റിലായ പ്രതിയുടെ അർജന്റീന ജേഴ്‌സി എഐ സഹായത്തോടെ ബ്രസീലാക്കിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി. ബംഗ്ലാദേശിലെ ബാരിഷാൽ സിറ്റിയിൽ നിന്ന് 800 യാബ ലഹരി ഗുളികകളുമായി അറസ്റ്റിലായ റസ്സൽ ഹൗലാദർ (35)ന്റെ ജേഴ്‌സി മാറ്റിയ സംഭവത്തിലാണ് നടപടി. പിടികൂടുന്ന സമയത്ത് പ്രതി അർജന്റീനയുടെ ഫുട്‌ബോൾ ജേഴ്‌സിയാണ് ധരിച്ചിരുന്നത്. ഫോട്ടോ എടുക്കുന്നതിന് മുൻപ് ഈ ജേഴ്‌സി പോലീസ് ഉദ്യോഗസ്ഥർ ഉൾഭാഗം പുറത്താക്കി തിരിച്ചിടുവിച്ചിരുന്നു. എന്നാൽ ബാരിഷാൽ മെട്രോപൊളിറ്റൻ പോലീസിന്റെ മീഡിയ വിങ്ങിൽ ജോലി ചെയ്തിരുന്ന സബ് ഇൻസ്‌പെക്ടർ തൻസിൽ അഹമ്മദ്, എഐ ടൂളുകൾ ഉപയോഗിച്ച് പ്രതിയുടെ അർജന്റീന ജേഴ്‌സിക്ക് പകരം ബ്രസീലിന്റെ ജേഴ്‌സിയാക്കി മാറ്റുകയായിരുന്നു.
തുടർന്ന് തിരുത്തിയ ഈ ചിത്രം സബ് ഇൻസ്‌പെക്ടർ പോലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയും ഇമെയിൽ വഴിയും മാധ്യമപ്രവർത്തകർക്കും പങ്കുവെക്കുകയും ചെയ്തു. എന്നാൽ ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ ഫുട്‌ബോൾ ആരാധകർ എഡിറ്റിംഗ് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. പോലീസ് തന്നെ ഔദ്യോഗിക തെളിവുകളിൽ തിരിമറി നടത്തിയതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനവും പ്രതിഷേധവും ഉയർന്നു. സംഭവം വിവാദമായതോടെ ബാരിഷാൽ മെട്രോപൊളിറ്റൻ പോലീസ് എഡിറ്റ് ചെയ്ത ചിത്രം പിൻവലിക്കുകയും, തിരുത്താത്ത യഥാർത്ഥ ഫോട്ടോ പിന്നീട് വീണ്ടും പങ്കുവെക്കുകയും ചെയ്തു.
ഫിഫ ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട് വാർത്തയ്ക്ക് കൂടുതൽ ജനശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തതെന്ന് സബ് ഇൻസ്‌പെക്ടർ തൻസിൽ അഹമ്മദ് കമ്മീഷണറോട് സമ്മതിച്ചു. ഒരു തമാശയ്ക്കാണ് ഇത് ചെയ്തതെന്നായിരുന്നു ഇയാളുടെ വിശദീകരണം. സംഭവത്തെ തുടർന്ന് ബിഎംപി കമ്മീഷണർ മുഹമ്മദ് ആഷിക് സയീദ്, തൻസിൽ അഹമ്മദിനെ മീഡിയ വിങ്ങ് ഔദ്യോഗിക ചുമതലകളിൽ നിന്ന് ഉടനടി നീക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. മൂന്ന് ദിവസത്തിനകം സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനുശേഷമായിരിക്കും കൂടുതൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുകയെന്നും കമ്മീഷണർ വ്യക്തമാക്കിക്കഴിഞ്ഞു.