പരേഡിനിടെ അപ്രതീക്ഷിത അതിഥിയായെത്തി ചേര! ചിതറിയോടി പൊലീസുകാർ
തിരുവനന്തപുരം: തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലെ പരേഡ് ഗ്രൗണ്ട് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ‘അതിഥി’യുടെ സന്ദർശനത്തിനായിരുന്നു. ചിട്ടയായ ചുവടുകളുമായി പരിശീലനം നടത്തിക്കൊണ്ടിരുന്ന പൊലീസുകാർക്കിടയിലേക്ക് ഒരു ചേര അപ്രതീക്ഷിതമായി ഇഴഞ്ഞെത്തിയതോടെ സീൻ പാടേ മാറി. അച്ചടക്കത്തോടെ നീങ്ങിയ സേനാംഗങ്ങൾ ജീവനും കൊണ്ടോടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാമ്പിനെ കണ്ട് പേടിച്ചോടുന്ന പോലീസും, ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ കൂളായി ഗ്രൗണ്ട് മുറിച്ചുകടക്കുന്ന ചേരയും ചേർന്ന് പരേഡ് ഗ്രൗണ്ടിനെ ഒരു നിമിഷം കോമഡി വേദിയാക്കി മാറ്റി.
“ഇത് വെറും ചേരയാണെടോ…” എന്ന് ആരെങ്കിലും വിളിച്ചുപറയുന്നതിനും മുൻപേ പലരും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കഴിഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയ്ക്ക് താഴെ “പോലീസിനെ വിറപ്പിക്കാൻ ഒരു ചേര മതി” എന്നൊക്കെയുള്ള രസകരമായ കമന്റുകളുടെ പൂരമാണ്. വേനൽ കടുത്തതോടെ പാമ്പുകൾ പുറത്തിറങ്ങുന്നത് പതിവാണെങ്കിലും, കടുപ്പമേറിയ പരിശീലനത്തിനിടയിൽ കിട്ടിയ ഈ ‘ബ്രേക്ക്’ പോലീസുകാർക്കും നാട്ടുകാർക്കും ഒരുപോലെ ചിരിക്കാനുള്ള വകയായി.