‘ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ഗ്യാനേഷ് കുമാർ ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാൾ, പദവിയിൽ തുടരാൻ അർഹതയില്ല’: മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച ഗ്യാനേഷ് കുമാറിന് പദവിയിൽ തുടരാൻ ഒരു നിമിഷം പോലും അർഹതയില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഗ്യാനേഷ് കുമാർ ബിജെപിയുടെ ഏജന്റായി പ്രവർത്തിച്ചു എന്നതിന് ഇനിയും തെളിവുകൾ ആവശ്യമില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ബിജെപിക്ക് കച്ചവടം നടത്തിയയാളായി ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തും. രാജ്യത്തെ ഏറ്റവും ഉയർന്നതും ഉത്തരവാദപ്പെട്ടതുമായ ഭരണഘടനാ പദവിയിൽ ഇരുന്നുകൊണ്ട് ജനാധിപത്യ പ്രക്രിയകളെ തകിടംമറിച്ച ഗ്യാനേഷ് കുമാർ ഉടൻ സ്ഥാനം ഒഴിയണം.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയും സുതാര്യതയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭരണഘടനയിൽ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. എന്നാൽ, അങ്ങേയറ്റം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷനെ സംഘപരിവാറിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുന്നിൽ അടിയറവെച്ച കുത്സിത ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാറെന്നും, അദ്ദേഹം സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ വലിയ അപകടത്തിലാക്കുമെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിസ്ഥാന മൂല്യങ്ങളായ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ഉയർന്ന ജനാധിപത്യ ബോധം എന്നിവയെല്ലാം ഗ്യാനേഷ് കുമാർ കാറ്റിൽപ്പറത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയ കാര്യങ്ങളെല്ലാം ഇപ്പോൾ പൂർണ്ണമായും സത്യമായി മാറിയിരിക്കുകയാണ്. ബിജെപിയുമായി പരസ്പര സഹകരണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷനെ തരംതാഴ്ത്തിയ ഗ്യാനേഷ് കുമാർ ഇനിയും ഭരണഘടനാ പദവിയിൽ തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ കളങ്കപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.