വാട്‌സ്ആപ് ഗ്രൂപ്പിൽ മന്ത്രി കെഎം ഷാജിയെ വർഗീയവാദി എന്ന് വിശേഷിപ്പിച്ചു; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം
കാസർകോട്: മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ് ഗ്രൂപ്പിൽ അധിക്ഷേപ പരാമർശം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം. കെ.എം. ഷാജിയെ വർഗീയവാദി എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനിലെ സിപിഒ സുജിത്താണ് അധിക്ഷേപ സന്ദേശം ഗ്രൂപ്പിൽ പങ്കുവെച്ചത്. കാസർകോട് ജില്ലയിലെ പോലീസ് ഫ്രണ്ട്‌സ് എന്ന ഗ്രൂപ്പിലാണ് സന്ദേശമയച്ചത്. പിണറായി വിജയന് മുന്നിൽ നിവർന്ന് നിൽക്കാൻ ഷാജിക്ക് കഴിയില്ലെന്നും സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
‘കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകളും യുഡിഎഫ് മുട്ടന്യായങ്ങൾ പറഞ്ഞ് ബഹിഷ്‌കരിച്ചിരിക്കുന്നു. അത് അവരുടെ സംസ്‌കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖരനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനെയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്ത് തൂവാല കൊണ്ട് മുഖം തുടച്ച് സ്‌കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽ പോലും മതം മതം മതമാണ് പ്രശ്‌നം എന്ന് പുലമ്പുന്ന കെ.എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറിവിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന് മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറക്കാൻ പോകുന്നതേയുള്ളൂ.;’- എന്നാണ് വാട്‌സ്ആപ് ഗ്രൂപ്പിൽ വന്ന സന്ദേശം. സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.