‘ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേമാതരം നിർബന്ധമായും ചൊല്ലണം, അതാണ് സനാതന സംസ്കാരം, അതുതന്നെയാണ് ഭാരതത്തിൻ്റെ സംസ്കാരവും’; സുവേന്ദു അധികാരി
കൊൽക്കത്ത: ഇന്ത്യയിൽ ജീവിക്കണമെങ്കിൽ വന്ദേമാതരവും ജനഗണമനയും നിർബന്ധമായും ചൊല്ലിയിരിക്കണമെന്ന് വ്യക്തമാക്കി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. റിപ്പബ്ലിക് ദിനമായ ജനുവരി 26, സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 എന്നീ സുപ്രധാന ദിവസങ്ങളെ ആദരിക്കണമെന്നും സുവേന്ദു അധികാരി വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ച എക്സ് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികൾ വന്ദേമാതരം ആലപിക്കുന്നത് ഇതിനകം തന്നെ നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് നമ്മുടെ ഭാരതീയ സംസ്കാരമാണെന്നും സനാതന സംസ്കാരത്തിന്റെ ഭാഗമാണെന്നും പറഞ്ഞ അദ്ദേഹം, ഇന്ത്യ എന്നും ഹിന്ദുസ്ഥാൻ എന്നും അറിയപ്പെടുന്ന ഈ മഹത്തായ രാജ്യം ഒരിക്കലും മറ്റാരുടെയും കൈകളിലേക്ക് പോകാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. ദേശീയതയും സാംസ്കാരിക പാരമ്പര്യവും ശക്തമായി ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.