‘മൃഗബലി പെരുന്നാളിന്റെ ഭാഗമല്ല’; പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവ് നിരോധനം ശരിവെച്ച് കൽക്കട്ട ഹൈക്കോടതി
കൊൽക്കത്ത: മൃഗബലി പെരുന്നാളിന്റെ ഭാഗമല്ലെന്നും പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി കൽക്കട്ട ഹൈക്കോടതി. വരാനിരിക്കുന്ന ബലിപെരുന്നാളിന് മുന്നോടിയായി പശ്ചിമ ബംഗാൾ സർക്കാർ കന്നുകാലി അറവ് നിയന്ത്രിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
പൊതുസ്ഥലങ്ങളിൽ പശു, എരുമ തുടങ്ങിയ കന്നുകാലികളെ അറക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇസ്ലാം മതവിശ്വാസപ്രകാരം ബക്രീദ് ആഘോഷങ്ങൾക്ക് മൃഗബലി നിർബന്ധിതമായ ആചാരമല്ലെന്ന് സുപ്രീം കോടതിയുടെ മുൻകാല വിധികൾ (മുഹമ്മദ് ഹനീഫ് ഖുറേഷി കേസ്) ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
മെയ് 13-നാണ് പശ്ചിമ ബംഗാൾ സർക്കാർ കന്നുകാലി അറവിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പൊതുവിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് പശു, കാള, എരുമ, പോത്ത് തുടങ്ങിയ മൃഗങ്ങളെ അറക്കണമെങ്കിൽ അവയ്ക്ക് മറ്റ് ജോലികൾ ചെയ്യാനോ പ്രജനനത്തിനോ ശേഷിയില്ലെന്ന് വ്യക്തമാക്കുന്ന ‘ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്’ നിർബന്ധമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റി ചെയർമാനോ പഞ്ചായത്ത് സമിതി പ്രസിഡന്റോ സർക്കാർ വെറ്ററിനറി സർജനുമായി ചേർന്ന് മാത്രമേ ഈ സർട്ടിഫിക്കറ്റ് നൽകാവൂ. മൃഗങ്ങൾക്ക് 14 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം അല്ലെങ്കിൽ മാരകമായ പരിക്കോ രോഗങ്ങളോ കാരണം പ്രയോജനമില്ലാത്തവയായിരിക്കണം എന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകളാണ് ഇതിലുള്ളത്. കൂടാതെ, ഇത്തരം സർട്ടിഫിക്കറ്റ് ലഭിച്ച മൃഗങ്ങളെ അംഗീകൃത അറുപ്പുശാലകളിൽ മാത്രമേ അറക്കാവൂ എന്നും പൊതുസ്ഥലങ്ങളിൽ അറവ് പാടില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
സർക്കാരിന്റെ ഈ ഉത്തരവ് വരാനിരിക്കുന്ന പെരുന്നാൾ ആഘോഷങ്ങളെയും കന്നുകാലി വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് എം.എൽ.എ അഖ്റുജ്ജമാൻ ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിക്കുകയായിരുന്നു. പശ്ചിമ ബംഗാൾ അനിമൽ സ്ലോട്ടർ കൺട്രോൾ ആക്ട്, 1950-ലെ സെക്ഷൻ 12 പ്രകാരം മതപരമായ ആവശ്യങ്ങൾക്ക് കന്നുകാലി അറവിന് ഇളവ് നൽകാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹരജിക്കാർ വാദിച്ചു. ആടുകളുടെയും മറ്റും വില പെരുന്നാൾ സമയത്ത് വലിയ രീതിയിൽ വർധിക്കാറുള്ളതിനാൽ സാധാരണക്കാരായ മുസ്ലിംകൾക്ക് വലിയ മൃഗങ്ങളെ ബലി നൽകുന്നതാണ് സാമ്പത്തികമായി ലാഭകരമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, മുൻകാല കോടതി വിധികളുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച സർക്കാർ വിജ്ഞാപനത്തിൽ ഇടപെടാൻ കോടതി തയ്യാറായില്ല. അതേസമയം, നിയമത്തിലെ സെക്ഷൻ 12 പ്രകാരം ഹരജിക്കാർ ആവശ്യപ്പെട്ട ഇളവുകളുടെ കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. വരും ദിവസങ്ങളിൽ പെരുന്നാൾ വരുന്ന സാഹചര്യത്തിൽ, ഈ ഇളവുകളുടെ കാര്യത്തിൽ സർക്കാർ 24 മണിക്കൂറിനകം ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.
പൊതുസ്ഥലങ്ങളിലെ നിയമവിരുദ്ധമായ അറവ് തടയാൻ കൃത്യമായ പരിശോധനകൾ നടത്താനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനത്തുണ്ടെന്ന് ഉറപ്പുവരുത്താനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.