മഹാരാഷ്ട്രയിൽ ബലിപെരുന്നാളിനുള്ള ആടുകളെ എത്തിച്ചതിനെച്ചൊല്ലി വൻ സംഘർഷം; പന്നിക്കുഞ്ഞുമായി പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ; ഒരാൾക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ താനെ മീരാ റോഡിലുള്ള ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ബലിപെരുന്നാളിനുള്ള ആടുകളെ എത്തിച്ചതിനെച്ചൊല്ലി വൻ സംഘർഷം. മീരാ റോഡിലെ ‘പൂനം എസ്റ്റേറ്റ് ക്ലസ്റ്റർ വൺ’ സൊസൈറ്റിയിലാണ് സംഭവം. ജനവാസ മേഖലകളിലെ സൊസൈറ്റികൾക്കുള്ളിൽ മൃഗബലി നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഒരു വിഭാഗം താമസക്കാർ ആടുകളെ മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. ആടുകളെ കശാപ്പുശാലയിലേക്ക് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം.
തർക്കം നിലനിൽക്കുന്നതിനിടെ സൊസൈറ്റിക്ക് സമീപം വെച്ച് ഒരു യുവാവിന് നേരെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമണമുണ്ടായതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. തുടർന്ന് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ തുടങ്ങിയ ഹിന്ദു സംഘടനകളിലെ പ്രവർത്തകർ താമസക്കാർക്ക് പിന്തുണയുമായി പ്രതിഷേധത്തിൽ പങ്കുചേർന്നു.
ഇതിനു പിന്നാലെ പ്രതിഷേധ സൂചകമായി ഒരു പന്നിക്കുഞ്ഞുമായി പ്രതിഷേധക്കാർ സൊസൈറ്റിയുടെ കവാടത്തിൽ എത്തി. ആദ്യ ഘട്ടത്തിൽ ‘വരാഹ പൂജ’യ്ക്കായാണ് പന്നിയെ കൊണ്ടുവന്നതെന്ന് അവകാശപ്പെട്ടെങ്കിലും, പിന്നീട് ആടുകളെ എത്തിച്ചതിനെതിരെയുള്ള പ്രതിഷേധമാണിതെന്ന് ഇവർ വ്യക്തമാക്കി.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നതോടെ പോലീസ് ഇടപെടുകയും പ്രതിഷേധക്കാരിൽ നിന്ന് പന്നിക്കുഞ്ഞിനെ മാറ്റുകയും ചെയ്തു. സൊസൈറ്റിയുടെ ഗേറ്റ് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. തുടർന്ന് ബി.ജെ.പി നേതാവ് കിരിത് സോമയ്യയും സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സൊസൈറ്റി വളപ്പിൽ നിന്ന് ആടുകളെ പൂർണ്ണമായും മാറ്റണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചുനിൽക്കുകയാണ്.