ബലിപെരുന്നാളിൽ പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കാൻ പാടില്ല, റോഡുകൾ തടസ്സപ്പെടുന്ന രീതിയിൽ പ്രാർഥനകൾ നടത്തരുത്; യുപിയിൽ കർശന നിർദേശങ്ങളുമായി യോഗി ആദിത്യനാഥ്
ലഖ്നൗ: സംസ്ഥാനത്ത് ബലിപെരുന്നാൾ പ്രമാണിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കാൻ പാടില്ലെന്ന ഔദ്യോഗിക നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ കന്നുകാലികളെ അറക്കാൻ പാടുള്ളൂവെന്നും മുൻപില്ലാത്ത പുതിയ രീതികളൊന്നും ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം പരമ്പരാഗതമായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമേ നിസ്‌കാര പ്രാർഥന നടത്താവൂ എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഒരു സാഹചര്യത്തിലും പൊതുറോഡുകൾ തടസ്സപ്പെടുത്തിക്കൊണ്ട് പ്രാർഥന നടത്താൻ അനുമതി നൽകരുതെന്നും കർശന മുന്നറയിപ്പ് നൽകി.
കഴിഞ്ഞ ഞായറാഴ്ച നടന്ന സുരക്ഷാ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ പ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ആചാരപരമായ ബലി കർമ്മങ്ങൾക്ക് ശേഷം അവശിഷ്ടങ്ങൾ കൃത്യമായി നിർമാർജനം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനം ഉറപ്പാക്കണമെന്ന് ആദിത്യനാഥ് ഊന്നിപ്പറഞ്ഞു. ഇറച്ചി പരസ്യമായി വിൽക്കുന്നതിനുള്ള നിരോധനം കർശനമായി നടപ്പാക്കുക, അനധികൃത കശാപ്പുശാലകൾ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക, ലൈസൻസുള്ള കശാപ്പുശാലകളിൽ പോലും അനുവദനീയമായ എണ്ണത്തിൽ കൂടുതൽ മൃഗങ്ങളെ സൂക്ഷിക്കാതിരിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ. ഈ ഉത്സവ കാലയളവിൽ വൈദ്യുതി വിതരണം, ശുചിത്വം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയിൽ അതീവ ജാഗ്രത പുലർത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പ്രശ്നബാധിത പ്രദേശങ്ങളിൽ ഉത്സവങ്ങൾക്ക് മുന്നോടിയായി ഫ്ലാഗ് മാർച്ചുകൾ നടത്തണമെന്നും ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ പൊലീസിൻ്റെ നിരന്തരമായ പട്രോളിംഗ് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അലിഗഡ്, ബിജ്നോർ, സഹാറൻപൂർ, രാംപൂർ, സംഭാൽ തുടങ്ങിയ പ്രശ്നബാധിത ജില്ലകളിലെ ജില്ലാ മജിസ്ട്രേറ്റുമാരുമായും പൊലീസ് മേധാവിമാരുമായും നടത്തിയ ചർച്ചയിൽ, മുൻകാല സംഭവങ്ങൾ കൃത്യമായി വിശകലനം ചെയ്ത് ക്രമസമാധാന നില തകർക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തണമെന്നും ആവശ്യമെങ്കിൽ അവർക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷൻ, തഹസിൽ, ജില്ലാ തലങ്ങളിലുള്ള സമാധാന സമിതികളുമായി നിരന്തരം ചർച്ചകൾ നടത്താനും നിർദേശം നൽകിയിട്ടുണ്ട്.