‘പശുക്കളെ നോക്കുക പോലും ചെയ്യരുത്, നിയമം അനുവദിക്കുന്ന മറ്റ് മൃഗങ്ങളെ മാത്രം ബലിയറുക്കുക’: ഷിയാ പണ്ഡിതൻ മൗലാനാ സെയ്ഫ് അബ്ബാസ്
ലക്‌നൗ: ബലിപെരുന്നാളിന് പശുക്കളെ ബലിയറുക്കരുതെന്ന് ആഹ്വാനം ചെയ്ത് ഉത്തർപ്രദേശിലെ പ്രമുഖ ഷിയാ പണ്ഡിതൻ മൗലാനാ സെയ്ഫ് അബ്ബാസ്. മൃഗബലി നടത്തുമ്പോൾ രാജ്യത്തെ നിയമവും മറ്റ് മതവിശ്വാസങ്ങളോടുള്ള ആദരവും പൂർണ്ണമായും പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഹൈന്ദവ സഹോദരങ്ങൾ പശുവിനെ ഏറെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനാൽ, മൃഗബലിക്ക് രാജ്യത്തെ നിയമം അനുവദിക്കുന്ന മൃഗങ്ങളെ മാത്രമേ ഉപയോഗിക്കാവൂ എന്നും പശുക്കളുടെ നോക്കുക പോലും ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് മതസ്ഥരുടെ വികാരങ്ങളെയും ആചാരങ്ങളെയും മാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇസ്‌ലാം മതം വ്യക്തമായി പഠിപ്പിക്കുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ പശുവിനെ ബലി നൽകുന്നത് മത തത്ത്വങ്ങൾക്ക് തന്നെ വിരുദ്ധമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇസ്‌ലാം മതത്തിൽ പശുവിനെ ബലി നൽകണമെന്ന് യാതൊരുവിധ നിർബന്ധവുമില്ലെന്ന് മൗലാനാ സൈഫ് അബ്ബാസ് കൂട്ടിച്ചേർത്തു. ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു സമൂഹത്തിൽ പരസ്പര ബഹുമാനത്തോടെയും സൗഹാർദ്ദത്തോടെയും ജീവിക്കേണ്ടത് അനിവാര്യമാണ്. പശുവിനെ വിശുദ്ധമായി കരുതുന്ന സഹപൗരന്മാരുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുക എന്നത് വെറുമൊരു നിയമപരമായ കാര്യം മാത്രമല്ല, മറിച്ച് അതൊരു ധാർമ്മികവും മതപരവുമായ കടമ കൂടിയാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. വെസ്റ്റ് ബംഗാൾ, ഡൽഹി ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന സർക്കാരുകൾ ബലിപെരുന്നാളിനോട് അനുബന്ധിച്ച് കർശനമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഷിയാ മതനേതാവിന്റെ ഈ പരസ്യമായ അഭ്യർത്ഥന പുറത്തുവന്നിരിക്കുന്നത്.
പൊതുസ്ഥലങ്ങളായ റോഡുകൾ, തെരുവുകൾ, പാർക്കുകൾ, ജനവാസ മേഖലകൾ എന്നിവിടങ്ങളിൽ മൃഗബലി നടത്തുന്നത് തടയാനും പൊതുശുചിത്വവും മൃഗസംരക്ഷണവും ഉറപ്പാക്കാനും വിവിധ സംസ്ഥാനങ്ങളിലെ പോലീസ്‌നഗരസഭാ അധികൃതർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ പേരിൽ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്ത് വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.