13/06/2026
[fontresizer_tawhidurrahmandear_widget]

‘ചിരിയുടെ മണവാളന്‍ മാത്രമല്ല, എനിക്ക് നഷ്ടമായത് സ്വന്തം കൂടപ്പിറപ്പിനെ’; സലിം കുമാറിന് ആദരാഞ്ജലികളർപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

 ‘ചിരിയുടെ മണവാളന്‍ മാത്രമല്ല, എനിക്ക് നഷ്ടമായത് സ്വന്തം കൂടപ്പിറപ്പിനെ’; സലിം കുമാറിന് ആദരാഞ്ജലികളർപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: മലയാള സിനിമയുടെ അതുല്യ പ്രതിഭ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. സലിം കുമാർ തനിക്ക് വെറുമൊരു ഹാസ്യനടൻ മാത്രമായിരുന്നില്ലെന്നും, സ്വന്തം കൂടപ്പിറപ്പിനെയാണ് നഷ്ടമായതെന്നും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

സലിം കുമാറും താനും തമ്മിൽ അതിതീവ്രമായ ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി കുറിപ്പിൽ അനുസ്മരിച്ചു. തന്റെ നാടിന്റെ അഭിമാനമായിരുന്ന അദ്ദേഹം, രാഷ്ട്രീയ നിലപാടുകൾ ഉറക്കെ പറയാൻ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയായിരുന്നു. വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ച് ഒട്ടും ചിന്തിക്കാതെ, താൻ ഒരു കോൺഗ്രസുകാരനാണെന്ന് വിളിച്ചുപറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരനായിരുന്നു സലിം കുമാറെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. ഓരോ തവണയും തന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനം ഒരു അവകാശം പോലെ സലിം കുമാർ പിടിച്ചുവാങ്ങിയിരുന്നതായും, പാർട്ടിയുടെ വിജയങ്ങളിൽ ഒരു കുടുംബാംഗത്തെപ്പോലെ അദ്ദേഹം അതിയായി സന്തോഷിച്ചിരുന്നതായും മുഖ്യമന്ത്രി ഓർത്തെടുത്തു.

അഭിനയരംഗത്തെ സലിം കുമാറിന്റെ സമാനതകളില്ലാത്ത മികവിനെയും വി.ഡി സതീശൻ പ്രശംസിച്ചു. ഹാസ്യം മാത്രമല്ല, അഭിനയത്തിന്റെ ഏത് ഭാവവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും ലോകോത്തര നിലവാരത്തിലുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഒരു മുഖം കൊണ്ട് പ്രേക്ഷകരിൽ ചിരി പടർത്തുമ്പോൾ തന്നെ, മറുഭാഗത്ത് കണ്ണീരിന്റെ നനവ് ഹൃദയങ്ങളിലേക്ക് പകരാൻ ആ അതുല്യ കലാകാരന് കഴിഞ്ഞിരുന്നു. മലയാള സിനിമയ്ക്ക് വലിയൊരു പ്രതിഭാശാലിയേയും തനിക്ക് സ്വന്തം കൂടപ്പിറപ്പിനെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ ആദരാഞ്ജലി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Also read: