22/07/2026
[fontresizer_tawhidurrahmandear_widget]

വെനസ്വേലയിൽ ശക്തമായ ഭൂചലനം: 32 മരണം, 700-ലധികം പേർക്ക് പരിക്ക്

 വെനസ്വേലയിൽ ശക്തമായ ഭൂചലനം: 32 മരണം, 700-ലധികം പേർക്ക് പരിക്ക്

കാരക്കാസ്: വെനസ്വേലയിൽ തുടർച്ചയായുണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ കുറഞ്ഞത് 32 പേർ മരിക്കുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് രാജ്യം കണ്ട് ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്ന് അനുഭവപ്പെട്ടത്. വൻ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.

റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് പിന്നാലെയാണ് രണ്ടാമത്തെ ഭൂകമ്പവുമുണ്ടായത്. കാരക്കാസിന് പടിഞ്ഞാറ് 160 കിലോമീറ്റർ അകലെയുള്ള മൊറോൺ നഗരമാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ തീവ്രത 7.2 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലാണ് രണ്ടാമത്തെ ഭൂചലനം സംഭവിച്ചത്. ഭൂകമ്പത്തെത്തുടർന്ന് വൻ തോതിൽ ആളപായം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ്‌ജിഎസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സമാനമായി ജപ്പാനിലും ഭൂകമ്പം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലാ ഗൈറ സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ നാശനഷ്‌ടം റിപ്പോർട്ട് ചെയ്‌തത്. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഡസൻ കണക്കിന് കെട്ടിടങ്ങൾ തകരുകയും വൈദ്യുതി, ജല, ഗാർഹിക വാതക വിതരണങ്ങൾ പൂർണമായും തടസ്സപ്പെടുകയും ചെയ്തതായി ആക്ടിങ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.

കനത്ത നാശനഷ്ടത്തെ തുടർന്ന് കാരക്കാസിലെ സൈമൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടി. സബ്‌വേ, റെയിൽ സർവീസുകൾ നിർത്തിവെക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങൾ ആടിയുലഞ്ഞതോടെ ജനങ്ങൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം അത് പിൻവലിച്ചു. അപകടകരമായ തിരമാലകൾ അരൂബ, കുറക്കാവോ, ബൊണൈർ എന്നിവയെ ബാധിക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നിനാണ് വെനസ്വേല ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്.

Also read: