25/07/2026
[fontresizer_tawhidurrahmandear_widget]

സഹപ്രവർത്തകന്റെ മകളെ പീഡിപ്പിച്ച് പോലീസുകാരൻ; മകനൊപ്പം കാവൽ നിന്നത് മറ്റൊരു ഉദ്യോഗസ്ഥ‌ൻ; പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പോലീസുകാർ പിടിയിൽ

 സഹപ്രവർത്തകന്റെ മകളെ പീഡിപ്പിച്ച് പോലീസുകാരൻ; മകനൊപ്പം കാവൽ നിന്നത് മറ്റൊരു ഉദ്യോഗസ്ഥ‌ൻ; പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പോലീസുകാർ പിടിയിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ സഹപ്രവർത്തകന്റെ മകളായ 17-കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായി. മധ്യപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ (എസ്.ടി.എഫ്) ഉദ്യോഗസ്ഥനായ സന്തോഷ് സെൻ, ഇയാളെ കുറ്റകൃത്യത്തിന് സഹായിക്കുകയും കാവൽ നിൽക്കുകയും ചെയ്ത ഗ്വാളിയറിൽ നിന്നുള്ള കോൺസ്റ്റബിൾ ജിതേന്ദ്ര രജ്പുത് എന്നിവരാണ് അറസ്റ്റിലായത്. പത്താം ക്ലാസ് വിദ്യാർഥിനിയും ദളിത് വിഭാഗത്തിൽപ്പെട്ടതുമായ പെൺകുട്ടിയെ തന്ത്രപരമായി വിജനമായ സ്‌ഥലത്തെത്തിച്ചാണ് പ്രതികൾ അതിക്രമം നടത്തിയത്. ജൂലൈ 22 ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

തന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേനയാണ് സന്തോഷ് സെൻ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ക്ഷണിച്ചത്. അച്ഛന്റെ സഹപ്രവർത്തകനും നേരത്തെ പരിചയമുള്ള ആളുമായതിനാൽ പെൺകുട്ടി ഈ ക്ഷണം പൂർണ്ണമായും വിശ്വസിക്കുകയായിരുന്നു. വൈകുന്നേരം 6.30-ഓടെ ലാൽ പരേഡ് ഗ്രൗണ്ടിന് സമീപം എത്തിയ പെൺകുട്ടിയെ ഇവർ കാറിൽ കയറ്റി എം.പി നഗറിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ജിതേന്ദ്രയുടെ മൂന്ന് വയസ്സുള്ള മകനും ഇവർക്കൊപ്പം കാറിലുണ്ടായിരുന്നു. പെൺകുട്ടിയെ സ്ഥലത്തെത്തിക്കാൻ ഉപയോഗിച്ച ഈ കാർ സംഘടിപ്പിച്ചത് ജിതേന്ദ്രയായിരുന്നു.

എം.പി നഗറിലെ വിജനമായ പ്രദേശത്തെ വീട്ടിലെത്തിയ ശേഷം സന്തോഷ് സെൻ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഈ സമയമത്രയും ആരും വരാതിരിക്കാൻ ജിതേന്ദ്ര രജ്പുത് തന്റെ മൂന്ന് വയസ്സുള്ള കുരുന്നിനൊപ്പം വീടിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നുവെന്ന് ജഹാംഗീരാബാദ് എസ്.എച്ച്.ഒ രാജൻ സിംഗ് അഹിർവാർ വ്യക്തമാക്കി.

പീഡനത്തിനുശേഷം പ്രതികൾ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ പരിധി നോക്കാതെ എവിടെയും പരാതി രജിസ്റ്റർ ചെയ്യാൻ കഴിയുന്ന സീറോ എഫ്.ഐ.ആർ പ്രകാരം ആദ്യം കമല നഗർ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. പിന്നീട് കേസ് കൂടുതൽ അന്വേഷണത്തിനായി ജഹാംഗീരാബാദ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ഭോപ്പാലിൽ നിന്നും അടുത്തിടെ ധാർ ജില്ലയിലേക്ക് സ്ഥലംമാറിപ്പോയ ആളാണ് മുഖ്യപ്രതിയായ സന്തോഷ് സെൻ. ഇയാൾക്കെതിരെ പോക്സോ, ഭാരതീയ ന്യായ സംഹിത, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഗ്വാളിയോർ ജില്ലയിൽ ജോലി ചെയ്യുന്ന ജിതേന്ദ്ര രജ്പുത്തിനെതിരെ ബലാത്സംഗക്കുറ്റം ഒഴിവാക്കി, കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും സഹായിച്ചതിനും സമാനമായ മറ്റ് വകുപ്പുകളെല്ലാം ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ച അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Also read: