25/07/2026
[fontresizer_tawhidurrahmandear_widget]

പ്രണയത്തിന് തടസ്സമാകുമെന്ന പേടി; മക്കളെ കൊലപ്പെടുത്തിയ അമ്മയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് കോടതി

 പ്രണയത്തിന് തടസ്സമാകുമെന്ന പേടി; മക്കളെ കൊലപ്പെടുത്തിയ അമ്മയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് കോടതി

ജഞ്ജർപുർ (ബിഹാർ): കാമുകനുമൊത്തുള്ള ജീവിതത്തിന് തടസ്സമാകുമെന്ന് കരുതി സ്വന്തം മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും കാമുകനും കോടതി വധശിക്ഷ വിധിച്ചു. ബിഹാറിലെ മധുബനി സ്വദേശിയായ അനീത ദേവി, കാമുകൻ ജയ് പ്രകാശ് മണ്ഡൽ എന്നിവർക്കാണ് ജഞ്ജർപുർ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അഭിഷേക് രഞ്ജൻ ശിക്ഷ വിധിച്ചത്. ഈ കൊടുംക്രൂരത ‘അപൂർവങ്ങളിൽ അപൂർവമായ’ കേസായി പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന വിധി.

2023 ജൂലൈ മൂന്നിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മധുബനിയിലെ നർഹി ഗ്രാമവാസിയായ പ്രമോദ് കുമാർ സഫിയുടെ ഭാര്യയാണ് പ്രതിയായ അനീത. സ്വന്തം വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് നാല് വയസ്സുകാരനായ പ്രിൻസ് കുമാറിനെയും 18 മാസം പ്രായമുള്ള സൃഷ്‌ടി കുമാരിയെയും കൂട്ടി അനീത വീട്ടിൽ നിന്നിറങ്ങി. യാത്രാമധ്യേ കാമുകനായ ജയ് പ്രകാശിനെ വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും ചേർന്ന് കുട്ടികളെ ബാലൻ നദിക്കരയിൽ എത്തിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. നദിക്കരയിലെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാരാണ് പ്രതികളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പിറ്റേദിവസം പ്രിൻസിന്റെ മൃതദേഹം കണ്ടെടുത്തുവെങ്കിലും പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനായില്ല. തങ്ങളുടെ പ്രണയബന്ധത്തിന് കുട്ടികൾ ഭാവിയിൽ തടസ്സമാകുമെന്ന ഭയത്താലാണ് അവരെ കൊലപ്പെടുത്തിയതെന്ന് അനീത പോലീസിനോട് കുറ്റസമ്മതം നടത്തി. 2023 ജൂലൈ 11 മുതൽ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

മക്കളുടെ സംരക്ഷകയാകേണ്ട അമ്മ തന്നെ അവർക്ക് ഘാതകയായി മാറിയത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതക കുറ്റത്തിന് ഇരു പ്രതികൾക്കും വധശിക്ഷയും 50,000 രൂപ വീതം പിഴയും, തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം കഠിനതടവും 10,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. വിധിയിൽ വലിയ ആശ്വാസമുണ്ടെന്നും പ്രതികളുടെ ശിക്ഷ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും കുട്ടികളുടെ പിതാവ് പ്രമോദ് കുമാർ സഫി പ്രതികരിച്ചു. നിലവിൽ ജഞ്ജർപുർ സബ് ജയിലിലുള്ള പ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

Also read: