30 വർഷം, 300-ലധികം പഞ്ചനക്ഷത്ര ഹോട്ടലുകൾ; ബില്ലടയ്ക്കാതെ മുങ്ങുന്ന ‘ചാൾസ് ശോഭരാജ്’ ആരാധകൻ ഒടുവിൽ പിടിയിൽ
രാജ്യത്തുടനീളമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വ്യാജ മേൽവിലാസത്തിൽ താമസിച്ച് ബില്ലടയ്ക്കാതെ മുങ്ങുന്ന അറുപത്തൊൻപതുകാരൻ ഒടുവിൽ പിടിയിൽ. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ ബിങ്സൺ ജോൺ ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 30 വർഷത്തിനിടെ മുന്നൂറിലധികം ആഡംബര ഹോട്ടലുകളിലാണ് ഇയാൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയത്. വിദേശ ടൂറിസ്റ്റ് ഗൈഡ്, അധ്യാപകൻ, യോഗ പരിശീലകൻ തുടങ്ങി പലവിധ പ്രൊഫഷനുകളാണ് ഇയാൾ ഹോട്ടലുകളിൽ പറഞ്ഞിരുന്നത്. കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിനെപ്പോലെ വ്യാജ തിരിച്ചറിയൽ രേഖകളും ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു.
വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചെത്തുന്ന ഇയാൾ ജീവനക്കാരോട് വളരെ മാന്യമായാണ് പെരുമാറിയിരുന്നത്. അതിനാൽ ഹോട്ടലുകാർ മുൻകൂർ തുക ആവശ്യപ്പെട്ടിരുന്നില്ല. ഒന്നിലധികം ബാഗുകളുമായാണ് ഇയാൾ ഹോട്ടലിൽ എത്തുക. കടന്നുകളയുന്ന സമയത്ത് കടലാസുകൾ കുത്തിനിറച്ച ഒരു ബാഗ് മുറിയിൽ ഉപേക്ഷിക്കും. അതിഥിയായെത്തിയ ആൾ താമസസ്ഥലത്ത് തന്നെയുണ്ടെന്ന് ഹോട്ടൽ ജീവനക്കാരെ വിശ്വസിപ്പിക്കാനായിരുന്നു ഈ തന്ത്രം. ദിവസങ്ങൾ കഴിഞ്ഞിട്ടും ആളെ കാണാതാകുമ്പോഴാണ് ഹോട്ടലുകാർ തട്ടിപ്പ് തിരിച്ചറിയുക.
റായ്പൂരിലെ ഹയാത്ത് ഹോട്ടലിൽ നടന്ന തട്ടിപ്പാണ് ഒടുവിൽ ഇയാളെ കുടുക്കിയത്. ഇവിടെ രണ്ട് ദിവസം താമസിച്ച ബിങ്സൺ, 63,755 രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങുകയായിരുന്നു. കൂടാതെ ഹോട്ടലിൽ നിന്ന് 1.48 ലക്ഷം രൂപ വിലവരുന്ന ലാപ്ടോപ്പും മോഷ്ടിച്ചു. ഹോട്ടൽ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയ പോലീസ്, ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ലാപ്ടോപ്പും ഇയാളിൽ നിന്ന് കണ്ടെടുത്തു.
1980-കളിൽ ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്ന സമയത്ത് വിനോദസഞ്ചാരികൾക്കൊപ്പം ഇയാൾ പല ഹോട്ടലുകളിലും സൗജന്യമായി താമസിച്ചിരുന്നു. അക്കാലത്ത് ഒരു ആഡംബര ഹോട്ടലിലെ ജീവനക്കാർ അപമാനിച്ചതാണ് ഇത്തരം തട്ടിപ്പുകളിലേക്ക് തിരിയാൻ കാരണമെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. പിന്നീട് തിഹാർ ജയിലിൽ കഴിഞ്ഞ സമയത്ത് കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിന്റെ കഥകൾ കേട്ടാണ് കൂടുതൽ തട്ടിപ്പുകൾക്കായി വ്യാജ ഐഡന്റിറ്റികൾ ഉപയോഗിക്കാൻ തുടങ്ങിയതെന്നും പ്രതി സമ്മതിച്ചു. 1996-ലാണ് ബിങ്സൺ ജോൺ ആദ്യമായി അറസ്റ്റിലാകുന്നത്. 2022-ൽ തിരുവനന്തപുരത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിനും ഇയാൾ പിടിയിലായിരുന്നു. കേരളം, തമിഴ്‌നാട്, ഡൽഹി, മഹാരാഷ്ട്ര, ഗോവ, കർണാടക, പശ്ചിമ ബംഗാൾ, തെലങ്കാന, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങി പത്തോളം സംസ്ഥാനങ്ങളിലായി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.