ട്രോഫി നൽകിയിട്ടും വേദിയിൽ നിന്ന് മാറാതെ ട്രംപ്, ആഘോഷിക്കാനാകാതെ സ്പാനിഷ് ടീം; ഒടുവിൽ ഇടപെട്ട് ഫിഫ പ്രസിഡന്റ്
ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ സ്പെയിനിന്റെ ചരിത്രവിജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീഡിയോ. കിരീടം നേടിയ സ്പാനിഷ് ടീമിന് ട്രോഫി സമ്മാനിച്ച ശേഷം വേദിയിൽ നിന്ന് മാറാൻ ട്രംപ് തയ്യാറാകാതിരുന്നതാണ് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചത്.
സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിക്ക് ലോകകപ്പ് ട്രോഫി കൈമാറിയ ശേഷം ട്രംപ് ക്യാമറ ഫ്രെയിമിൽ നിന്ന് മാറാതെ അവിടെത്തന്നെ നിൽക്കുകയായിരുന്നു. താരങ്ങൾക്ക് കൈ കൊടുത്തും മറ്റും അവിടെത്തന്നെ തുടർന്ന അദ്ദേഹം വേദി വിട്ടിറങ്ങാൻ കൂട്ടാക്കിയില്ല. ട്രംപ് മാറിയ ശേഷം കിരീടം ഉയർത്താനായി ക്യാപ്റ്റൻ റോഡ്രി കാത്തുനിൽക്കേണ്ടി വന്നു. ഇതോടെ ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫൻ്റിനോ ഓടിയെത്തി ഇടപെടുകയായിരുന്നു.
ഇൻഫൻ്റിനോ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ട്രംപ് ടീമിനരികിൽ നിന്ന് മാറിനിന്നത്. എന്നാൽ സ്പാനിഷ് ടീം ട്രോഫി ഉയർത്തുമ്പോഴും അദ്ദേഹം ക്യാമറ ഫ്രെയിമിൽ തന്നെ നിന്നു. ഒടുവിൽ സ്പെയിനിന്റെ ആഘോഷങ്ങളെല്ലാം കഴിഞ്ഞ ശേഷമാണ് അദ്ദേഹം വേദി വിട്ടിറങ്ങിയത്. ഈ സംഭവത്തിന്റെ വീഡിയോ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
അതേസമയം, സമ്മാനദാന ചടങ്ങിനായി ട്രംപും ഇൻഫൻ്റീനോയും ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ ഗാലറിയിലുണ്ടായിരുന്ന കാണികൾ കൂവിയാർത്തതും ശ്രദ്ധേയമായി. ന്യൂജെഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടം കാണാൻ 80,000 പേരാണ് എത്തിയത്. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയ്നിന്റെ വിജയം.