21/06/2026
[fontresizer_tawhidurrahmandear_widget]

‘ഇത് എന്ത് നീതി? ലോകകപ്പിൽ അമേരിക്കയുടെ കടുത്ത വിവേചനം; വിസ നിഷേധിച്ചതിലും പരിശീലനം മുടക്കിയതിലും പ്രതിഷേധിച്ച് ഇറാൻ കോച്ച്

 ‘ഇത് എന്ത് നീതി? ലോകകപ്പിൽ അമേരിക്കയുടെ കടുത്ത വിവേചനം; വിസ നിഷേധിച്ചതിലും പരിശീലനം മുടക്കിയതിലും പ്രതിഷേധിച്ച് ഇറാൻ കോച്ച്

ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക തങ്ങളോട് കടുത്ത വിവേചനമാണ് കാണിക്കുന്നതെന്ന ആരോപണവുമായി ഇറാൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ആമിർ ഗലേനോയ്. വിസ നിഷേധിച്ചും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും അമേരിക്കൻ ഭരണകൂടം തങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള ബെൽജിയത്തിനെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ യാത്രാവിലക്കുകൾ കാരണം അയൽരാജ്യമായ മെക്സിക്കോയിലെ ടിജുവാനയിലാണ് ഇറാൻ ടീമിന് തങ്ങളുടെ ബേസ് ക്യാമ്പ് ഒരുക്കേണ്ടി വന്നത്. മത്സരം നടക്കുന്നതിന്റെ തലേദിവസം മാത്രം അമേരിക്കയിൽ പ്രവേശിക്കാനും കളി കഴിഞ്ഞയുടൻ തന്നെ മെക്സിക്കോയിലേക്ക് മടങ്ങാനുമാണ് അമേരിക്കയുടെ കർശന നിർദ്ദേശം. ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിന് ശേഷം ടീമിനെ വേഗത്തിൽ തിരിച്ചയച്ചത് താരങ്ങളുടെ ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനെ സാരമായി ബാധിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലോസ് ഏഞ്ചൽസിൽ ബെൽജിയത്തിനെതിരായ മത്സരത്തിന് മുന്നോടിയായി 24 മണിക്കൂർ പരിശീലന സമയം ആവശ്യപ്പെട്ടിട്ടും 16 മണിക്കൂറിൽ താഴെ മാത്രമാണ് അമേരിക്ക അനുവദിച്ചത്. ഇതുമൂലം തങ്ങൾക്ക് പരിശീലനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഗലേനോയ് പറഞ്ഞു. ഇതിനുപുറമെ, ഇറാൻ ഫുട്ബോൾ ഫെഡറേഷൻ തലവനും സപ്പോർട്ടിങ് സ്റ്റാഫുകൾക്കും മീഡിയ റിലേഷൻസ് ഉദ്യോഗസ്ഥർക്കും അമേരിക്ക വിസ നിഷേധിച്ചതിലും അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ലോകകപ്പിന് ഒട്ടും അനുയോജ്യമായ രീതിയല്ല ഇതെന്നും, ഒരു ടീമിനെ കളിക്കാൻ ക്ഷണിച്ചിട്ട് അവരുടെ സപ്പോർട്ടിങ് സ്റ്റാഫുകളെ രാജ്യത്തേക്ക് കടക്കാൻ അനുവദിക്കാത്തത് എന്ത് നീതിയാണെന്നും അദ്ദേഹം ചോദിച്ചു. തങ്ങൾ അടിച്ചമർത്തപ്പെട്ട ഒരു രാജ്യമാണെന്നും, ശതകോടികൾ ചെലവാക്കിയാലും തങ്ങൾക്ക് നീതി ലഭിക്കില്ലായിരിക്കാമെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.

തങ്ങൾ നേരിടുന്ന ഈ കടുത്ത വിവേചനത്തിനെതിരെ ശബ്ദമുയർത്താൻ ലോകകപ്പിലെ മറ്റ് 47 ടീമുകളുടെയും പരിശീലകരോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും ആരും തയ്യാറായില്ലെന്ന നിരാശയും ഗലേനോയ് പങ്കുവെച്ചു. എന്നാൽ, ഇറാൻ താരങ്ങളുടെ ദുരവസ്ഥയിൽ ബെൽജിയം താരം തോമസ് മുനിയർ സഹതാപം പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഈ വിലക്കുകൾ നീക്കാൻ മുൻകൈയെടുക്കുന്ന ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയെ അദ്ദേഹം അഭിനന്ദിച്ചു. സിയാറ്റിലിൽ ഈജിപ്തിനെതിരെ നടക്കാനിരിക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ നിയന്ത്രണങ്ങളിൽ അമേരിക്ക ഇളവ് വരുത്തുമെന്ന് ഉറപ്പ് ലഭിച്ചതായും ഫിഫയുടെ ഇടപെടലിലൂടെ വരും മത്സരങ്ങളിലെങ്കിലും ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: