05/09/2026
[fontresizer_tawhidurrahmandear_widget]

‘എഥനോൾ വന്നാലും പെട്രോളിന് വില കുറയില്ല’; കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം ഇങ്ങനെ

 ‘എഥനോൾ വന്നാലും പെട്രോളിന് വില കുറയില്ല’; കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ ലഭ്യമാകുന്ന 20 ശതമാനം എഥനോൾ കലർത്തിയ E20 പെട്രോളിന് സാധാരണ പെട്രോളിനേക്കാൾ വില കുറച്ച് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. നിലവിൽ രാജ്യത്തെ 12,000-ത്തോളം പമ്പുകളിൽ ഈ പുതിയ ഇന്ധനം ലഭ്യമാണ്. എഥനോളിന്റെ ഉൽപാദനച്ചെലവ് കൂടുതലായതിനാലും, ഈ ഇന്ധനം രാജ്യത്തുടനീളം വിതരണം ചെയ്യുന്നതിനുള്ള ലോജിസ്റ്റിക് ചെലവുകൾ ഉയർന്നതിനാലുമാണ് ഇത്തരമൊരു തീരുമാനമെന്ന് പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു.

കാർഷിക അവശിഷ്ടങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന എഥനോളിന്റെ വില വിപണിയിൽ വ്യത്യാസപ്പെടുന്നതും ഇന്ധനവില കുറയ്ക്കുന്നതിന് തടസ്സമാണെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി കുറച്ച് സാമ്പത്തിക ലാഭമുണ്ടാക്കുക, കാർബൺ പുറന്തള്ളൽ കുറച്ച് പരിസ്ഥിതി മലിനീകരണം തടയുക, കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ E20 പദ്ധതി നടപ്പിലാക്കുന്നത്.

അതേസമയം, E20 ഇന്ധനം പഴയ വാഹനങ്ങളിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കിടയിലുള്ള ആശങ്കകൾക്കും സർക്കാർ മറുപടി നൽകിയിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു സർവേയിൽ, പഴയ വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കുന്നത് മൈലേജ് കുറയുന്നതിനും എഞ്ചിൻ തകരാറിലാകുന്നതിനും കാരണമാകുമെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യയിൽ നിർമ്മിക്കുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള മിക്ക വാഹനങ്ങളുടെയും എഞ്ചിനുകൾ 2008 മുതൽ തന്നെ 10 ശതമാനം എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കാൻ പാകത്തിലുള്ളവയാണ്. അതിനാൽ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ പഴയ വാഹനങ്ങളിൽ ഉപയോഗിക്കുന്നതുകൊണ്ട് എഞ്ചിൻ തകരാറുകൾ സംഭവിക്കില്ലെന്ന് വാഹന നിർമ്മാതാക്കളുടെ സംഘടനയായ സിയാം ഉറപ്പുനൽകിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. എങ്കിലും പഴയ എഞ്ചിനുകളിൽ വളരെ നേരിയ തോതിൽ മൈലേജ് കുറഞ്ഞേക്കാമെങ്കിലും, അത് ഉപഭോക്താക്കളെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. E20 ഇന്ധനത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Also read: