‘ആൾക്കൂട്ട കൊലപാതകങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മുസ്‌ലിംകൾ പരമ്പരാഗത വസ്ത്രധാരണം മാറ്റണം’; മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ നിയാസ് ഖാൻ
ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലെ മുസ്‌ലിംകൾ തങ്ങളുടെ പരമ്പരാഗത വസ്ത്രധാരണം മാറ്റണമെന്ന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ നിയാസ് ഖാൻ. മധ്യപ്രദേശ് കേഡറിലെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഈ വിവാദ അഭിപ്രായം പ്രകടിപ്പിച്ചത്. കുർത്തയും പൈജാമയും ധരിച്ച്, താടി വളർത്തി, തലപ്പാവ് വെക്കുന്ന പരമ്പരാഗത രീതി പിന്തുടരുന്നത് കൊണ്ടാണ് ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയാകുന്ന പല മുസ്‌ലിംകളെയും അക്രമികൾ എളുപ്പത്തിൽ തിരിച്ചറിയുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇത്തരം ആക്രമണങ്ങൾ ഒഴിവാക്കാൻ തുർക്കിയിലെ മുസ്ലീങ്ങൾ ധരിക്കുന്നതുപോലുള്ള വസ്ത്രങ്ങൾ ഇന്ത്യയിലെ മുസ്ലീങ്ങളും ശീലിക്കണമെന്നും അതുവഴി തങ്ങളുടെ മതപരമായ വ്യക്തിത്വം പെട്ടെന്ന് തിരിച്ചറിയപ്പെടാതിരിക്കാൻ സാധിക്കുമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ നടന്ന മിക്ക ആൾക്കൂട്ട കൊലപാതകങ്ങളിലും ഇരകൾ കുർത്തയും പൈജാമയും തൊപ്പിയും ധരിക്കുകയും താടി വളർത്തുകയും ചെയ്തവരായിരുന്നുവെന്നും, ഈ വസ്ത്രധാരണത്തിൽ നിന്ന് അവരുടെ ഐഡന്റിറ്റി എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ആൾക്കൂട്ട കൊലപാതകങ്ങൾ ഒഴിവാക്കാൻ മുസ്ലീങ്ങൾ അവരുടെ വസ്ത്രധാരണവും രൂപവും മാറ്റണമെന്നും വ്യക്തിത്വം മറച്ചുവെക്കാൻ തുർക്കി മുസ്ലീങ്ങളെപ്പോലെ വസ്ത്രം ധരിക്കണമെന്നുമാണ് നിയാസ് ഖാൻ എക്സിൽ കുറിച്ചത്.
ഇതിന് പുറമെ മറ്റൊരു പോസ്റ്റിൽ രാജ്യങ്ങളിലെ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു. സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളും ജനാധിപത്യം സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ അടിസ്ഥാന തത്വങ്ങൾ പാലിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ പേരിൽ നേതാക്കളും ഉദ്യോഗസ്ഥരും വലിയ രീതിയിൽ പണം കൊള്ളയടിക്കുകയാണെന്നും, എന്നാൽ സാധാരണ ജനങ്ങൾ സർക്കാർ നൽകുന്ന സൗജന്യ ആനുകൂല്യങ്ങൾക്ക് പിന്നാലെ പോകുന്ന തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.