22/07/2026
[fontresizer_tawhidurrahmandear_widget]

3 തലമുറയുടെ ചരിത്രവും 15 രേഖകളും സമർപ്പിച്ചിട്ടും രക്ഷയില്ല; പൗരത്വം തെളിയിക്കാനുള്ള ഹരജി തള്ളി ഗുവാഹത്തി ഹൈക്കോടതി | Gauhati HC Citizenship Verdict

 3 തലമുറയുടെ ചരിത്രവും 15 രേഖകളും സമർപ്പിച്ചിട്ടും രക്ഷയില്ല; പൗരത്വം തെളിയിക്കാനുള്ള ഹരജി തള്ളി ഗുവാഹത്തി ഹൈക്കോടതി | Gauhati HC Citizenship Verdict

ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) രേഖകളും വോട്ടർ ഐഡിയും ഉൾപ്പെടെ 15 ഔദ്യോഗിക രേഖകൾ ഹാജരാക്കിയിട്ടും പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി(Gauhati HC Citizenship Verdict). ഗുവാഹത്തിയിൽ വാടകവീട്ടിൽ താമസിക്കുന്ന അമീനുൽ ഹഖ് എന്ന തൊഴിലാളിയുടെ ഹരജിയാണ് ഗുവാഹത്തി ഹൈക്കോടതി തള്ളിയത്. ഇന്ത്യയിൽ പാൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും ബാങ്ക് പാസ്ബുക്കും ഉൾപ്പെടെയുള്ള രേഖകൾ ഒരു വ്യക്തിയുടെ വിലാസത്തിനും വ്യക്തിത്വത്തിനും മാത്രമേ തെളിവാകൂ എന്നും, അവയൊന്നും ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള നിയമപരമായ രേഖകളല്ലെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

ജസ്റ്റിസ് കല്യാൺ റായ് സുരാന, ജസ്റ്റിസ് ഷമീമ ജഹാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് 38കാരനായ അമീനുൽ ഹഖിന്റെ ഹരജിയിൽ സുപ്രധാന വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 28-ന് അസമിലെ കാംരൂപ് ഡിസ്ട്രിക്ട് ഫോറിനേഴ്സ് ട്രൈബ്യൂണൽ ഹഖിനെ വിദേശിയായി പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയിൽ ഹാജരാക്കിയ 15 രേഖകൾ | Gauhati HC Citizenship Verdict

താൻ ജനനം കൊണ്ട് ഇന്ത്യൻ പൗരനാണെന്ന് സ്ഥാപിക്കാൻ അമീനുൽ ഹഖ് മൂന്ന് തലമുറകളുടെ ഔദ്യോഗിക രേഖകളുടെ വൻശേഖരം തന്നെയാണ് കോടതിക്ക് മുന്നിൽ സമർപ്പിച്ചത്. പിതാവിന്റെയും മുത്തച്ഛന്റെയും പേരുകളുള്ള 1951-ലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കംപ്യൂട്ടർ പകർപ്പ്, 1966 മുതൽ 2017 വരെയുള്ള വിവിധ വർഷങ്ങളിലെ വോട്ടർ പട്ടികകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, 1973-ൽ മുത്തച്ഛൻ വാങ്ങിയ ഭൂമിയുടെ യഥാർത്ഥ ആധാരം, പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയാണ് യുവാവ് കോടതിയിൽ സമർപ്പിച്ചത്.

ഇതിനുപുറമേ അമീനുൽ ഹഖിന്റെ പിതാവ് നേരിട്ട് കോടതിയിൽ ഹാജരാകുകയും ഹരജിക്കാരൻ തന്റെ മകനാണെന്ന് മൊഴി നൽകുകയും ചെയ്തു. എന്നാൽ, ഈ വാദങ്ങളും രേഖകളുടെ എണ്ണവും പൗരത്വം സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

Gauhati HC Citizenship Verdict

കോടതി പറയുന്ന ന്യായങ്ങൾ | Gauhati HC Citizenship Verdict

1946-ലെ ഫോറിനേഴ്സ് ആക്ട്, ഒൻപതാം വകുപ്പ് അനുസരിച്ച് ഒരാളുടെ പൗരത്വം സംശയത്തിലായാൽ, താൻ വിദേശിയല്ലെന്ന് തെളിയിക്കാനുള്ള പൂർണമായ ബാധ്യത ആ വ്യക്തിക്ക് തന്നെയാണ്. ഈ കേസിൽ രേഖകൾ തമ്മിലുള്ള കൃത്യമായ ബന്ധം തെളിയിക്കാൻ ഹരജിക്കാരന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹരജിക്കാരന്റെ കുടുംബം കാലാകാലങ്ങളായി ധൊബാകുര, ഘുഗുദോബ, ഹഷ്‌ദോബ എന്നീ മൂന്ന് വ്യത്യസ്ത ഗ്രാമങ്ങളിലെ വോട്ടർ പട്ടികകളിലാണ് ഇടംപിടിച്ചിരുന്നത്. ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കവും മണ്ണൊലിപ്പും കാരണം കുടുംബത്തിന് പലപ്പോഴായി ഗ്രാമങ്ങൾ മാറിത്താമസിക്കേണ്ടി വന്നതിനാലാണ് ഇതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ, ഈ ഗ്രാമമാറ്റങ്ങൾ തെളിയിക്കുന്ന യാതൊരുവിധ സ്വതന്ത്ര രേഖകളും കോടതിയിൽ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല. വ്യത്യസ്ത ഗ്രാമങ്ങളിൽ കാണുന്ന പേരുകൾ ഒരേ കുടുംബത്തിന്റേതാണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി.

വിവിധ വർഷങ്ങളിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ കുടുംബാംഗങ്ങളുടെ പ്രായത്തിലും വിലാസത്തിലും വലിയ തോതിലുള്ള അപാകതകൾ കണ്ടെത്തിയതായി ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉദാഹരണത്തിന്, 1979-ലെ വോട്ടർ പട്ടികയിൽ 25 വയസ്സ് രേഖപ്പെടുത്തിയ വ്യക്തിക്ക് 1989-ൽ 29 വയസ്സാണ് കാണിച്ചിരിക്കുന്നത്. ഇത്തരം പ്രായവ്യത്യാസങ്ങളും കുടുംബാംഗങ്ങളുടെ എണ്ണത്തിലെ വ്യതിയാനങ്ങളും പൗരത്വവാദത്തെ ദുർബലപ്പെടുത്തി.

1951-ലെ എൻ.ആർ.സി രേഖയായി ഹരജിക്കാരൻ സമർപ്പിച്ചത് ഒരു കംപ്യൂട്ടർ പ്രിന്റൗട്ട് മാത്രമായിരുന്നു. ഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ 65ബി അനുസരിച്ചുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഇതിനൊപ്പം ഉണ്ടായിരുന്നില്ല. അതിനാൽ ഇത് നിയമപരമായി തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് ജഡ്ജിമാർ വ്യക്തമാക്കി.

കോടതിയിൽ പിതാവ് നൽകിയ വാക്കാലുള്ള മൊഴിയെ പിന്തുണയ്ക്കുന്ന കൃത്യമായ രേഖകൾ ഇല്ലെന്ന് കോടതി പറഞ്ഞു. ബന്ധം സ്ഥാപിക്കാൻ രേഖകൾ തന്നെയാണ് പ്രധാനം. ഹഷ്‌ദോബ ആഞ്ചലിക് ഹൈസ്‌കൂൾ പ്രഥമാധ്യാപകൻ നൽകിയ സ്‌കൂൾ സർട്ടിഫിക്കറ്റ് തെളിവായി സ്വീകരിക്കാൻ കോടതി വിസമ്മതിച്ചു. സർട്ടിഫിക്കറ്റ് നൽകിയ അധ്യാപകനെ കോടതിയിൽ സാക്ഷിയായി വിസ്തരിക്കുകയോ സ്‌കൂളിലെ യഥാർത്ഥ അഡ്മിഷൻ രജിസ്റ്റർ ഹാജരാക്കുകയോ ചെയ്തിരുന്നില്ല.

കേന്ദ്രത്തിന്റെ നിലപാടും കോടതി വിധിയും | Gauhati HC Citizenship Verdict

ഇന്ത്യൻ പാസ്പോർട്ട് എന്നത് കേവലം യാത്രാരേഖ മാത്രമാണെന്നും അത് പൗരത്വത്തിനുള്ള അന്തിമ തെളിവല്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി ദിവസങ്ങൾക്ക് ശേഷമാണ് ഗുവാഹത്തി ഹൈക്കോടതിയിൽനിന്ന് ഈ വിധി വരുന്നത്. പൗരത്വം എന്നത് 1955-ലെ സിറ്റിസൺഷിപ്പ് ആക്ട് പ്രകാരവും, പാസ്പോർട്ട് എന്നത് 1967-ലെ പാസ്പോർട്ട് ആക്ട് പ്രകാരവുമാണ് കൈകാര്യം ചെയ്യുന്നത്.

‘ഹരജിക്കാരൻ 15 രേഖകൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും, 1946-ലെ ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 9 പ്രകാരം താൻ ഒരു ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനുള്ള നിയമപരമായ ബാധ്യത പൂർണമായി നിറവേറ്റാൻ ഈ രേഖകൾ സഹായിക്കുന്നില്ല. സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖകൾ പൗരത്വത്തിനുള്ള തെളിവല്ലെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്.’ – കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

അസമിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ 1985-ലെ അസം കരാർ അനുസരിച്ച് നിശ്ചയിച്ചിട്ടുള്ള സമയപരിധി 1971 മാർച്ച് 24 ആണ്. ഇതിന് മുൻപ് കുടുംബം ഇന്ത്യയിലുണ്ടായിരുന്നു എന്ന് കൃത്യമായ രേഖാചിത്രത്തിലൂടെ സ്ഥാപിക്കാൻ ഹരജിക്കാരന് സാധിക്കാത്തതിനാൽ ട്രൈബ്യൂണലിന്റെ വിധിയിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയും ഹർജി പൂർണമായി തള്ളുകയുമായിരുന്നു.

Also read: