21/07/2026
[fontresizer_tawhidurrahmandear_widget]

‘പാസ്പോർട്ട് പൗരത്വ രേഖയല്ലെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം പ്രവാ‌സികളെ ആശങ്കപ്പെടുത്തുന്നത്’; ഖത്തർ ഇൻകാസ് പ്രസിഡൻ്റ് സിദ്ദീഖ് പുറായിൽ

 ‘പാസ്പോർട്ട് പൗരത്വ രേഖയല്ലെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം പ്രവാ‌സികളെ ആശങ്കപ്പെടുത്തുന്നത്’; ഖത്തർ ഇൻകാസ് പ്രസിഡൻ്റ് സിദ്ദീഖ് പുറായിൽ

ദോഹ:ഇന്ത്യൻ പാസ്‌പോർട്ട് വിദേശയാത്രയ്ക്കുള്ള യാത്രാരേഖ മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നുമുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ലോകമെമ്പാടുമുള്ള പ്രവാസികൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണെന്ന് ഖത്തർ ഇൻകാസ് പ്രസിഡന്റ് സിദ്ദീഖ് പുറായിൽ പറഞ്ഞു. ജൂൺ 24-ലെ പാസ്‌പോർട്ട് സേവാ ദിനത്തിലാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രസ്താവനയുണ്ടായത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നതും താമസിക്കുന്നതും ഇന്ത്യൻ സർക്കാർ നൽകുന്ന പാസ്‌പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. വിദേശ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ഇവരെ ഇന്ത്യൻ പൗരന്മാരായി പരിഗണിക്കുന്നതും ഈ രേഖ മുൻനിർത്തിയാണ്. പ്രവാസ ലോകത്ത് ഉണ്ടാകുന്ന അപകടങ്ങൾ, നിയമപ്രശ്നങ്ങൾ, മരണങ്ങൾ, വിസ കാലാവധി തീരൽ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഒരാളുടെ ഇന്ത്യൻ പൗരത്വം തിരിച്ചറിയുന്നതിനും ഇന്ത്യയിലേക്ക് മടക്കി അയക്കുന്നതിനും പ്രധാന ആശ്രയം ഈ പാസ്‌പോർട്ടാണ്.

അടുത്ത കാലത്തായി അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യൻ വംശജരെ തിരിച്ചയച്ച സംഭവങ്ങളിൽപ്പോലും, അവരുടെ പൗരത്വം ഉറപ്പാക്കാനും നാട്ടിലെത്തിക്കാനും വിദേശ രാജ്യങ്ങൾ അടിസ്ഥാനമാക്കിയത് ഇന്ത്യൻ പാസ്‌പോർട്ടായിരുന്നു വെന്നും സിദ്ദീഖ് പുറായിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ഇരട്ട പൗരത്വം അനുവദനീയമല്ലാത്തതിനാൽ, മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്നവർ ആദ്യം ഇന്ത്യൻ പാസ്‌പോർട്ട് റദ്ദാക്കണമെന്നാണ് നിയമം. അന്താരാഷ്ട്ര തലത്തിൽ ഒരാളെ ഇന്ത്യൻ പൗരനായി അടയാളപ്പെടുത്തുന്ന പ്രാഥമിക ഔദ്യോഗിക രേഖ പാസ്‌പോർട്ട് ആണെന്നിരിക്കെയാണ് പുതിയ വ്യാഖ്യാനങ്ങൾ വരുന്നത്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇടയ്ക്കിടെയുണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ അന്തർദേശീയ പ്രതിച്ഛായയെയും പ്രവാസികൾക്ക് വിദേശത്തുള്ള വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കും. അതിനാൽ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി വ്യക്തത വരുത്തണമെന്നും പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ ദൂരീകരിക്കാൻ തയാറാകണമെന്നും സിദ്ദീഖ് പുറായിൽ ആവശ്യപ്പെട്ടു

Also read: