‘ ജയസൂര്യയുടെ ചിത്രത്തിൽ പാടാൻ പോയി, പിന്നീട് മറ്റൊരു ഗായകനെക്കൊണ്ട് പാടിച്ചു; സിനിമക്കാർക്ക് ആൽബം കലാകാരന്മാരോട് പുച്ഛമായിരുന്നു’: ഷാഫി കൊല്ലം
കൊച്ചി: മുൻകാലങ്ങളിൽ സിനിമാ രംഗത്തുള്ളവർ ആൽബം കലാകാരന്മാരെ കടുത്ത പുച്ഛത്തോടെയാണ് നോക്കിക്കണ്ടിരുന്നതെന്ന് പ്രശസ്ത ഗായകൻ കൊല്ലം ഷാഫി. ജയസൂര്യ ചിത്രത്തിൽ പാടിയതിന് ശേഷം, തന്നെ അറിയിക്കുക പോലും ചെയ്യാതെ മറ്റൊരു ഗായകനെക്കൊണ്ട് അത് വീണ്ടും പാടിപ്പിച്ച അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സംഗീത ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞത്.
ആൽബം മേഖല സിനിമയ്ക്ക് സമാന്തരമായി വളരുന്നത് കണ്ട് അതിനെ തകർക്കാനും കോമഡിവത്ക്കരിക്കാനും സിനിമാ രംഗത്തെ ഒരു വലിയ കോക്കസ് കരുതിക്കൂട്ടി ശ്രമിച്ചിരുന്നു. എന്നാൽ പുതിയ തലമുറയിലെ ഖാലിദ് റഹ്മാൻ, മുഹ്സിൻ പരാരി തുടങ്ങിയവർ തങ്ങളെ വലിയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ‘തല്ലുമാല’ ചിത്രത്തിലും വേഷമിട്ട ഷാഫി കൂട്ടിച്ചേർത്തു.
സിഡിയുടെ ഡിമാൻഡ് കുറഞ്ഞതോടെ കരിയറിൽ വലിയൊരു ഇടവേള വന്നു. കൊറോണക്കാലത്ത് ജീവിക്കാൻ വേണ്ടി സുഹൃത്തിന്റെ ടെക്സ്റ്റൈൽസ് കടയിൽ 800 രൂപ ദിവസകൂലിക്ക് തുണി മടക്കാൻ പോയിട്ടുണ്ട്. അധ്വാനിച്ച് ജീവിക്കുന്നതിൽ യാതൊരു നാണക്കേടും വിചാരിച്ചിട്ടില്ല.
പുതിയ തലമുറയിലെ ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റുകളെയും വേടനെപ്പോലെയുള്ള റാപ്പർമാരെയും ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. സമൂഹത്തിലെ ജാതീയതയും പച്ചയായ യാഥാർത്ഥ്യങ്ങളും വിളിച്ചുപറയുന്ന വേടന് വലിയൊരു സാംസ്കാരിക മാറ്റം ഉണ്ടാക്കാൻ കെല്പുണ്ടെന്നും വ്യക്തിപരമായ തെറ്റുകൾ നോക്കി അയാളുടെ ക്രിയേറ്റിവിറ്റിയെ തള്ളിക്കളയരുതെന്നും കൊല്ലം ഷാഫി വ്യക്തമാക്കി.