22/07/2026
[fontresizer_tawhidurrahmandear_widget]

‘മകൾക്ക് വിദേശപഠനം, ഇവിടെ വിദ്യാർത്ഥികൾക്ക് ലാത്തിയടി’; സൈബർ ആക്രമണത്തിനൊടുവിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പൂട്ടി ധർമ്മേന്ദ്ര പ്രധാന്റെ മകൾ

 ‘മകൾക്ക് വിദേശപഠനം, ഇവിടെ വിദ്യാർത്ഥികൾക്ക് ലാത്തിയടി’; സൈബർ ആക്രമണത്തിനൊടുവിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പൂട്ടി ധർമ്മേന്ദ്ര പ്രധാന്റെ മകൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ മകൾ നൈമിഷ പ്രധാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിസേബിൾ ചെയ്തു. ഡൽഹിയിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) വിദ്യാർത്ഥി സംഘടനകൾ നടത്തിയ പാർലമെന്റ് മാർച്ചിനുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെയാണ് മന്ത്രിക്കെതിരായ പ്രതിഷേധം മകൾക്ക് നേരെയുള്ള സൈബർ ആക്രമണമായി മാറിയത്.

അമേരിക്കയിലെ മസാച്യുസെറ്റ്സിലുള്ള പ്രശസ്തമായ ടഫ്റ്റ്സ് സർവകലാശാലയിലെ ഫ്ലെച്ചർ സ്കൂ‌ൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്നാണ് നൈമിഷ പ്രധാൻ എൽ.എൽ.എം ബിരുദം പൂർത്തിയാക്കിയത്. ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ, വിദ്യാഭ്യാസ മന്ത്രിയുടെ മകൾ ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോയതാണ് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്ക് കാരണമായത്.

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം പരാജയമാണെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് മന്ത്രി മകൾക്ക് വിദേശത്ത് പഠിക്കാൻ സൗകര്യമൊരുക്കിയതെന്നാണ് കമന്റ് ബോക്സുകളിൽ ഉയർന്ന പ്രധാന വിമർശനം. സാമ്പത്തികശേഷിയുള്ള മറ്റ് വിദ്യാർത്ഥികളും ഇത് തന്നെയാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. നൈമിഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ മാത്രമല്ല, അവർ പഠിച്ച ടഫ്റ്റ്സ് സർവകലാശാലയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കമന്റുകൾ നിറഞ്ഞിരുന്നു. എന്നാൽ, മന്ത്രിയുടെ തീരുമാനങ്ങളിൽ യാതൊരു പങ്കുമില്ലാത്ത കുടുംബാംഗങ്ങളെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും, വിമർശനങ്ങൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രിയോടാണ് നേരിട്ട് ഉന്നയിക്കേണ്ടതെന്നുമുള്ള വാദങ്ങളും സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

അതേസമയം, വിഷയത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രതികരിച്ചത്. വിദ്യാർത്ഥികളെ പ്രതിപക്ഷം അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം തടസ്സപ്പെടുത്തുക മാത്രമാണ് ഇത്തരം പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും, നീറ്റ് വിഷയത്തിൽ പാർലമെന്റിൽ തുറന്ന ചർച്ചയ്ക്ക് സർക്കാർ പൂർണ്ണമായും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നാടകങ്ങളല്ല, മറിച്ച് കൃത്യമായ ഉത്തരങ്ങളും പരിഷ്കാരങ്ങളുമാണ് വിദ്യാർത്ഥികൾക്ക് ആവശ്യമെന്നും സർക്കാർ അതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: