22/07/2026
[fontresizer_tawhidurrahmandear_widget]

ഒടുവിൽ വഴങ്ങി കേന്ദ്രം; നീറ്റ് ക്രമക്കേടിൽ പാർലമെന്റിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

 ഒടുവിൽ വഴങ്ങി കേന്ദ്രം; നീറ്റ് ക്രമക്കേടിൽ പാർലമെന്റിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സമരം ശക്തമായി തുടരവേ, വിഷയത്തിൽ പാർലമെന്റിൽ വിശദമായ ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാർലമെൻ്റിന് അകത്തും പുറത്തും പ്രതിഷേധം കനത്ത പശ്ചാത്തലത്തിലാണ് കേന്ദ്രം ചർച്ചക്ക് വഴങ്ങിയത്.

മൺസൂൺ സമ്മേളനത്തിൽ ചർച്ചയ്ക്ക് സർക്കാർ പൂർണ്ണമായും തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. എന്നാൽ സിജെപി സമരത്തിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് വൻ ബഹളമാണ് സഭയിലുണ്ടായത്. പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.

സമ്മേളനം ആരംഭിച്ച ആദ്യ ദിവസം മുതൽ തന്നെ നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാർ സന്നദ്ധത അറിയിച്ചിരുന്നതാണെന്നും, എന്നാൽ പ്രതിപക്ഷം ചർച്ചകളിൽ നിന്ന് ഒളിച്ചോടാൻ ഒഴികഴിവുകൾ കണ്ടെത്തുകയാണെന്നും കിരൺ റിജിജു ആരോപിച്ചു. പാർലമെന്റിന്റെ ചട്ടങ്ങൾക്കനുസരിച്ചാണ് ചർച്ചകൾ നടക്കേണ്ടതെന്നും, എല്ലാ പാർട്ടികളുടെയും ഫ്ലോർ ലീഡർമാരുമായി കൂടിയാലോചിച്ച് സ്പീക്കറാണ് ഇത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവിലെ പ്രതിഷേധങ്ങൾക്കൊണ്ട് യാതൊരു ഫലവുമില്ലെന്നും പാർലമെന്റിലാണ് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതെന്നും വ്യക്തമാക്കിയ മന്ത്രി, ഇതിനായി എത്ര സമയം വേണമെങ്കിലും അനുവദിക്കാൻ സർക്കാർ നൂറുശതമാനം ഒരുക്കമാണെന്നും കൂട്ടിച്ചേർത്തു.

എന്നാൽ, പ്രതിപക്ഷ പ്രതിഷേധങ്ങളെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും ബി.ജെ.പി എം.പി സതീഷ് പൂനിയയും രൂക്ഷമായി വിമർശിച്ചു. പാർലമെന്റിന് പുറത്തും പ്രധാനമന്ത്രിയുടെ വസതിക്ക് സമീപവും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും നടത്തുന്ന പ്രതിഷേധങ്ങൾ അരാജകത്വം സൃഷ്ടിക്കാനാണെന്നും രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾ നിരുത്തരവാദപരവും രാജ്യത്തിന്റെ ജനാധിപത്യത്തെ അവഹേളിക്കുന്നതുമാണെന്നും അവർ ആരോപിച്ചു.

അതേസമയം, വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണ്. അടിയന്തര പ്രമേയത്തിലൂടെ വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണാവശ്യമെന്നും ചോദ്യപ്പേപ്പർ ചോർച്ച തടയാൻ വ്യക്തമായ കർമ്മപദ്ധതി സർക്കാർ പ്രഖ്യാപിക്കണമെന്നും കോൺഗ്രസ് എം.പി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.

ലാത്തിച്ചാർജിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും, പുറത്ത് സംസാരിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് പാർലമെന്റിൽ പ്രസ്താവന നടത്തുന്നില്ലെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചോദിച്ചു. നിരന്തരം പരീക്ഷാപേപ്പറുകൾ ചോരുകയാണെന്നും സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടേത് ന്യായമായ പോരാട്ടമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി.

വിദ്യാർഥികളെയും പ്രതിപക്ഷത്തെയും ഭീഷണിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇൻഡ്യാ സഖ്യം പോരാട്ടം തുടരുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെയുള്ള അതിക്രമത്തിൽ സർക്കാർ ഖേദിക്കണമെന്നും നേതാക്കൾക്ക് നേരെ അതിക്രമം തുടർന്നാൽ വൻ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതിനിടെ, ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ട് പോകില്ലെന്ന ഉറച്ച നിലപാടിലാണ് സിജെപി. കൂടുതൽ പ്രതിപക്ഷ നേതാക്കളുടെ പിന്തുണ ലഭിച്ചതോടെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് സംഘടനയുടെ തീരുമാനം. പാർലമെന്റ് മാർച്ചിനിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌ത പ്രവർത്തകരെ വിട്ടയച്ചതായി സിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രതിപക്ഷ പാർട്ടികളെ ചർച്ചയ്ക്ക് ക്ഷണിച്ചെങ്കിലും തുടർച്ചയായ ബഹളത്തെത്തുടർന്ന് സഭാ നടപടികൾ സ്തംഭിക്കുകയായിരുന്നു.

Also read: