04/09/2026
[fontresizer_tawhidurrahmandear_widget]

‘വിദ്യാർഥികൾക്ക് നേരെ അമിത ബലപ്രയോഗം നടത്തിയിട്ടില്ല, സിജെപി സമരം നിയമവിരുദ്ധം’; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡൽഹി പോലീസ്

 ‘വിദ്യാർഥികൾക്ക് നേരെ അമിത ബലപ്രയോഗം നടത്തിയിട്ടില്ല, സിജെപി സമരം നിയമവിരുദ്ധം’; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ അമിത ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഡൽഹി പൊലീസ് തങ്ങളുടെ ഭാഗം വിശദീകരിച്ചത്. മുപ്പതിനായിരത്തോളം വരുന്ന പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ അയ്യായിരത്തോളം പോലീസുകാരെ മാത്രമാണ് വിന്യസിച്ചിരുന്നതെന്നും സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരം പൂർണ്ണമായും നിയമവിരുദ്ധമായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പാർലമെന്റിലേക്ക് മാർച്ച് നടത്താൻ പ്രതിഷേധക്കാർക്ക് മുൻകൂർ അനുമതിയുണ്ടായിരുന്നില്ല. ഇവർ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെയാണ് സമരം അക്രമാസക്തമായതെന്ന് പോലീസ് കോടതിയെ അറിയിച്ചു.

വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾക്ക് മറുപടിയായാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ശർമ ഈ സത്യവാങ്മൂലം സമർപ്പിച്ചത്. പോലീസ് അതിക്രമത്തിന് തെളിവായി കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും വ്യാജ മാധ്യമങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നുമുള്ളതാണെന്നും, ഇവ സ്വതന്ത്ര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും പോലീസ് വാദിക്കുന്നു. കൂടാതെ, ആണികൾ ഘടിപ്പിച്ച ലാത്തികൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ മർദിച്ചുവെന്ന ആരോപണവും ഡൽഹി പോലീസ് ശക്തമായി നിഷേധിച്ചു. ആണി ഘടിപ്പിച്ച വടികൾ പ്രതിഷേധക്കാരുടെ കൈകളിലാണ് ഉണ്ടായിരുന്നതെന്നും അത് ലാത്തിയല്ല, മറിച്ച് പതാക കെട്ടിയ വടിയായിരുന്നുവെന്നുമാണ് പോലീസിന്റെ വിശദീകരണം.

നിയമപരമായി അനുവദനീയമായ ഉപകരണമായ ലാത്തി, പ്രകോപനമില്ലാതെ പ്രതിഷേധക്കാർ പോലീസിനെ ആക്രമിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ മാത്രമാണ് ഉപയോഗിച്ചതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പോലീസ് യൂണിഫോമിലല്ലാത്ത ആളുകൾ ലാത്തിയേന്തി നിൽക്കുന്നതായി പുറത്തുവന്ന ചിത്രങ്ങൾക്കും ഡൽഹി പോലീസ് ന്യായീകരണം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിൽ നിന്നും ലോക്കൽ പൊലീസിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെ മഫ്തിയിൽ വിന്യസിച്ചതാണെന്നും, റിപ്പബ്ലിക് ദിനത്തിലുൾപ്പെടെ ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

Also read: