നിശബ്ദനായി വന്ന് ജീവനെടുക്കുന്ന കരൾ കാൻസർ; അവഗണിക്കരുത് ശരീരം തരുന്ന ഈ 7 മുന്നറിയിപ്പുകൾ
ലോകമെമ്പാടും ഇന്ത്യയിലും കാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി കരൾ കാൻസർ മാറിക്കൊണ്ടിരിക്കുകയാണ്. രോഗം ഗുരുതരമായ ഘട്ടത്തിലെത്തുമ്പോൾ മാത്രമാണ് പലരിലും ഇത് തിരിച്ചറിയുന്നത്. വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപ് മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം കരൾ കാൻസർ ശരീരത്തിൽ നിശബ്ദമായി വളരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും (ICMR) നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെയും (NCRP) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പല കേസുകളും വളരെ വൈകി കണ്ടെത്തുന്നതാണ് മരണനിരക്ക് ഉയരാൻ കാരണം. കരളിന് വലിയ രീതിയിലുള്ള കരുതൽ ശേഷി ഉള്ളതിനാൽ, പ്രാരംഭ ഘട്ടത്തിൽ വളരെ കുറഞ്ഞ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകൂ എന്ന് ബെംഗളൂരു അപ്പോളോ ആശുപത്രിയിലെ എച്ച്പിബി ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജൻ ഡോ. പ്രദീപ് കൃഷ്ണ ആർ.വി വ്യക്തമാക്കുന്നു.
പലരും അവഗണിക്കുന്ന ആദ്യകാല ലക്ഷണങ്ങൾ
ആദ്യകാല ലക്ഷണങ്ങൾ സാധാരണ ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ താഴെ പറയുന്ന ലക്ഷണങ്ങൾ ഒരുമിച്ച് കാണപ്പെടുകയാണെങ്കിൽ ഉടൻ തന്നെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്:
- 1. വിശദീകരിക്കാനാകാത്ത ശരീരഭാരം കുറയൽ: കഠിനമായ ശ്രമങ്ങളൊന്നും കൂടാതെ തന്നെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ഇതിന്റെ പ്രധാന ലക്ഷണമാണ്. ഭക്ഷണം കുറച്ച് കഴിക്കുമ്പോൾ തന്നെ വയറ് നിറഞ്ഞതായി തോന്നാം.
- 2. വിട്ടുമാറാത്ത കഠിനമായ ക്ഷീണം: സാധാരണ ക്ഷീണത്തിൽ നിന്ന് വ്യത്യസ്തമായി, വിശ്രമിച്ചാലും മാറാത്തതും ദൈനംദിന ജീവിതത്തെ ബാധിക്കുന്നതുമായ ആഴത്തിലുള്ള ക്ഷീണമാണിത്.
- 3. വയറുവേദനയും വീക്കവും: വയറിന്റെ വലതുവശത്ത്, പ്രത്യേകിച്ച് വാരിയെല്ലുകൾക്ക് താഴെ മങ്ങിയ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം. കരൾ വലുതാകുന്നത് മൂലം വയറിന്റെ മുകൾഭാഗത്ത് മുഴയോ വീക്കമോ ഉണ്ടാകാം.
- 4. അസൈറ്റ്സ് (വയറ്റിൽ ദ്രാവകം നിറയൽ): അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് കാരണം വയറ് വീർക്കുകയും അരക്കെട്ടിന്റെ വലിപ്പം വർധിക്കുകയും ചെയ്യാം.
- 5. വലതു തോൾ വേദന: ഡയഫ്രവുമായി ബന്ധപ്പെട്ട ഞരമ്പുകൾക്ക് ഉണ്ടാകുന്ന പ്രകോപനം മൂലം വലതു തോളിൽ വേദന അനുഭവപ്പെടാം.
- 6. മഞ്ഞപ്പിത്തം: കരളിന് ബിലിറൂബിൻ കൃത്യമായി പ്രോസസ്സ് ചെയ്യാൻ കഴിയാതെ വരുമ്പോൾ കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം പടരുന്നു. ഇതോടൊപ്പം കടുത്ത നിറത്തിലുള്ള മൂത്രം, കളിമണ്ണിന്റെ നിറത്തിലുള്ള മലം, വിട്ടുമാറാത്ത ചൊറിച്ചിൽ, കാലുകളിലെ വീക്കം, എളുപ്പത്തിൽ ചതവും രക്തസ്രാവവും എന്നിവയും ഉണ്ടാകാം.
- 7. മാനസികാവസ്ഥയിലെ മാറ്റങ്ങൾ: വിഷവസ്തുക്കളെ നീക്കം ചെയ്യാൻ കരളിന് സാധിക്കാതെ വരുമ്പോൾ ആശയക്കുഴപ്പം, മറവി, ചിന്താരീതികളിലെ മാറ്റം എന്നിവ പ്രകടമാകാം.
ആർക്കൊക്കെയാണ് ഉയർന്ന സാധ്യത?
ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിറോസിസ്, മെറ്റബോളിക് ഡിസ്ഫങ്ഷൻ-അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (MAFLD) എന്നിവയുള്ളവർക്കും കരൾ കാൻസറിന്റെ കുടുംബ ചരിത്രമുള്ളവർക്കും രോഗസാധ്യത കൂടുതലാണ്. രക്തപരിശോധനകൾ, എഎഫ്പി ടെസ്റ്റ്, അൾട്രാസൗണ്ട്, സിടി സ്കാൻ, എംആർഐ എന്നിവയിലൂടെ രോഗനിർണയം സാധ്യമാണ്.
പുകവലി, അമിത മദ്യപാനം എന്നിവ ഒഴിവാക്കുക, ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ എടുക്കുക, പ്രമേഹവും ഫാറ്റി ലിവറും നിയന്ത്രിക്കുക, സമീകൃതാഹാരവും വ്യായാമവും ശീലമാക്കുക എന്നിവയിലൂടെ രോഗസാധ്യത കുറയ്ക്കാം. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടുന്നത് ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.