മഴയത്ത് ഫ്ളൈ ഓവറിന് താഴെ നിർത്തിയിട്ട് ബൈക്ക് യാത്രികർ, എക്സ്പ്രസ് വേ നിശ്ചലമായി; നടപടി ആരംഭിച്ചു
നോയിഡ: മഴ നനയാതിരിക്കാൻ എക്സ്പ്രസ് വേയുടെ താഴത്ത് ബൈക്കുകൾ നിർത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ചതായി നോയിഡ ട്രാഫിക് പോലീസ്. നോളജ് പാർക്ക് ഏരിയയിലെ ദലിത് പ്രേരണാ സ്ഥലിന് സമീപമുള്ള ഫ്ളൈഓവറിന് താഴെയാണ് നനയാതിരിക്കാൻ നൂറുകണക്കിന് ബൈക്ക് യാത്രികർ തങ്ങളുടെ വാഹനങ്ങൾ നിർത്തിയിട്ടത്. മൂന്ന് വരികളുള്ള എക്സ്പ്രസ് വേയുടെ രണ്ട് വരികളും ബൈക്കുകൾ കയ്യേറിയതോടെ പിന്നാലെ വന്ന കാറുകൾ ഉൾപ്പെടെയുള്ള മറ്റ് വലിയ വാഹനങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി. മഴ പെയ്യുമ്പോൾ ബൈക്ക് യാത്രികർ ഫ്ലൈഓവറുകൾക്ക് താഴെ അഭയം തേടുന്നത് പതിവാണെങ്കിലും, ഇത്തവണ എക്സ്പ്രസ് വേ പൂർണ്ണമായും നിശ്ചലമാക്കുന്ന രീതിയിലായിരുന്നു. വഴിമാറിത്തരാൻ ആവശ്യപ്പെട്ട് മറ്റ് വാഹനങ്ങൾ തുടർച്ചയായി ഹോൺ മുഴക്കിയിട്ടും ബൈക്ക് യാത്രികർ അത് അവഗണിച്ചു.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രൂക്ഷ വിമർശനങ്ങളുമായി നിരവധി പേർ രംഗത്തെത്തി. മഴ നനയാതിരിക്കാൻ നോക്കുന്നത് സ്വാഭാവികമാണെങ്കിലും ഒരു എക്സ്പ്രസ് വേ തന്നെ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും, അത്യാഹിത വിഭാഗങ്ങളിൽ പോകുന്ന ആംബുലൻസുകൾ അടക്കമുള്ള വാഹനങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ നോയിഡ ട്രാഫിക് പോലീസ് സംഭവത്തിൽ ഇടപെടുകയും, ഗതാഗത തടസ്സമുണ്ടാക്കിയ വാഹനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും ഇചെല്ലാൻ വഴി പിഴ ചുമത്തുമെന്നും ഔദ്യോഗികമായി അറിയിച്ചു.