‘ശ്വേത മേനോൻ ദേശീയവാദിയാണ്, മോദി ഭക്തയും, സിനിമാ മേഖലയിൽ ബിജെപി ഇടപെടുന്നില്ല’; ബിജെപി നേതാവ് എസ്. സുരേഷ്
തിരുവനന്തപുരം: നടി ശ്വേത മേനോൻ ബിജെപി പ്രവർത്തകയല്ലെങ്കിലും അവർ ഒരു ദേശീയവാദിയും മോദി ഭക്തയുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. സിനിമാ മേഖലയിൽ ബിജെപി അനാവശ്യമായി ഇടപെടുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി. ഇടനിലക്കാരെ ഉപയോഗിച്ച് കോടികൾ നൽകി ആരെയും പാർട്ടിയിലേക്ക് ആകർഷിക്കേണ്ട ഗതികേട് ബിജെപിക്കില്ല. സുരേഷ് ഗോപി സിനിമയിൽ തന്നെ തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന് കോടികൾ സമ്പാദിക്കാമായിരുന്നു. എന്നാൽ അദ്ദേഹം ബിജെപിയിൽ എത്തിയത് ദേശീയതയിലുള്ള അടിയുറച്ച വിശ്വാസം കൊണ്ടാണെന്നും സുരേഷ് ചൂണ്ടിക്കാട്ടി.
മുൻപ് ഇന്നസെൻ്റ് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായപ്പോൾ സിപിഎം സംഘടനയെ പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ചിട്ടില്ല. അതുപോലെ രമേഷ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റിയുടെ തലപ്പത്ത് വന്നപ്പോഴും കോൺഗ്രസിനെതിരെ ബിജെപി ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. ഈ വിഷയത്തിൽ തങ്ങൾ എക്കാലത്തും രാഷ്ട്രീയ മാന്യതയാണ് പുലർത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താരസംഘടനയിൽ ശ്വേത മേനോൻ ബിജെപി അജണ്ട നടപ്പിലാക്കാനും വർഗീയ ധ്രുവീകരണത്തിനും ശ്രമിച്ചുവെന്ന നടി മാലാ പാർവതിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് സുരേഷിന്റെ പ്രതികരണം. ഇത് വെറുമൊരു ആരോപണമല്ല, മറിച്ച് തന്റെ അനുഭവമാണെന്ന് വ്യക്തമാക്കിയ മാലാ പാർവതി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി മുൻ കൗൺസിലർ പത്മജയുടെ അഭിമുഖവും തെളിവായി ചൂണ്ടിക്കാണിച്ചിരുന്നു.
അപെക്സ് ബോഡിക്ക് തീരുമാനങ്ങൾ എടുക്കാമെന്നിരിക്കെ, ‘അമ്മ’ ജനറൽ ബോഡി തീരുമാനിച്ച കൺവീനറെ ഭരണസമിതി നാണംകെടുത്തി പുറത്താക്കിയെന്നും ബാബുരാജ് ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടിയെന്നും അവർ വിമർശിച്ചിരുന്നു. അൻസിബയ്ക്ക് പിന്നിൽ മതതീവ്രവാദികളുണ്ടെന്ന ലക്ഷ്മിപ്രിയയുടെ ആരോപണത്തിന് എന്തുകൊണ്ട് തെളിവ് പുറത്തുവിടുന്നില്ലെന്ന് ചോദിച്ച മാലാ പാർവതി, ശ്വേതയുടെ തിരിച്ചുവരവ് ലക്ഷ്മിപ്രിയയുമായി ചേർന്ന് എന്തോ ബിജെപി അജണ്ട നടപ്പിലാക്കാനാണെന്നും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ബിജെപി നേതാവിന്റെ പുതിയ വിശദീകരണം.