‘സാറന്മാരോട് പറഞ്ഞതല്ലേ പപ്പയ്ക്ക് വയ്യാന്ന്, പപ്പയെ ഇടിച്ചതിന് തെളിവുണ്ട്’: കുണ്ടറ സിയാദിന്റെ മരണത്തിൽ മകളുടെ ശബ്ദരേഖ പുറത്ത്
കൊല്ലം: കസ്റ്റഡിയിലെടുത്ത യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന മകളുടെ ശബ്ദരേഖ പുറത്ത്. കൊല്ലം കുണ്ടറയിൽ പൊലീസ് മർദനമേറ്റ് മരിച്ച പെരുമ്പുഴ സ്വദേശി സിയാദിന്റെ മകൾ, ആരോപണവിധേയനായ ഉദ്യോഗസ്ഥനുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. തങ്ങൾക്ക് ഉണ്ടായ നഷ്ടവും പൊലീസിന്റെ ക്രൂരതയും പറഞ്ഞ് വിങ്ങിപ്പൊട്ടുന്ന മകളുടെ പ്രതികരണം വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു.
സിയാദിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മുൻപ് തന്നെ പൊലീസിനെ അറിയിച്ചിരുന്നതായി ശബ്ദരേഖയിൽ മകൾ ചൂണ്ടിക്കാട്ടുന്നു. “അന്ന് സാറന്മാരോട് എല്ലാവരോടും ഞാൻ പറഞ്ഞതല്ലേ പപ്പയ്ക്ക് വയ്യാന്ന്. അന്ന് അവിടെയിട്ട് ഇടിച്ചെന്ന് പപ്പാ അന്നേ പറഞ്ഞിരുന്നു. സാറാണ് ഇടിച്ചതെന്നും പറഞ്ഞു. ഇപ്പോൾ എന്റെ പപ്പാ പോയി…” എന്ന് സിയാദിന്റെ മകൾ ഫോൺ സംഭാഷണത്തിൽ പറയുന്നു. എന്നാൽ ഫോണിന്റെ മറുതലയ്ക്കൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നത്.
മർദനമേറ്റതിനെ തുടർന്ന് നട്ടെല്ല് മുഴുവൻ പഴുത്ത നിലയിലാണ് സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരാണ് മർദിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചിരുന്നതായും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും മകൾ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.
ജൂൺ 16-ന് അയൽവാസിയായ പതിമൂന്നുകാരന്റെ മിസ്സിങ് കേസുമായി ബന്ധപ്പെട്ടാണ് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. മരുന്ന് കഴിച്ചു കിടക്കുകയായിരുന്ന സിയാദിനെ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയിലും സ്റ്റേഷനിൽ വെച്ചും പൊലീസുകാർ ക്രൂരമായി മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. കുണ്ടറ സ്റ്റേഷനിലെ എസ്ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിട്ടുള്ളത്. ലാത്തിയും തോക്കും ഉപയോഗിച്ച് ഉപദ്രവിച്ചതായും, മർദനത്തെ തുടർന്നാണ് ആരോഗ്യനില വഷളായി സിയാദ് മരണപ്പെട്ടതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.