05/09/2026
[fontresizer_tawhidurrahmandear_widget]

‘നമ്മുടെ ഡി.എൻ.എ ഒന്നാണ്, ഇതെന്റെ നാട് പോലെ അനുഭവപ്പെടുന്നു’; ഊഷ്മള സ്വീകരണത്തിന് ഇന്ത്യയോട് നന്ദി പറഞ്ഞ് താലിബാൻ മന്ത്രി

 ‘നമ്മുടെ ഡി.എൻ.എ ഒന്നാണ്, ഇതെന്റെ നാട് പോലെ അനുഭവപ്പെടുന്നു’; ഊഷ്മള സ്വീകരണത്തിന് ഇന്ത്യയോട് നന്ദി പറഞ്ഞ് താലിബാൻ മന്ത്രി

ന്യൂഡൽഹി: ആദ്യമായി ഇന്ത്യാ സന്ദർശനത്തിനെത്തിയ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ കൃഷി, ജലസേചന, കന്നുകാലി വികസന മന്ത്രി മൗലവി അതാഉല്ല ഉമരി രാജ്യത്തിന്റെ ഊഷ്മളമായ സ്വീകരണത്തിന് നന്ദി അറിയിച്ചു. വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ‘ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്രേഡ് ഓപ്പർച്യൂണിറ്റീസ് ഇൻഡസ്ട്രി ഇന്ററാക്ടീവ് സെഷനിൽ’ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇന്ത്യയുടെ ആതിഥ്യമര്യാദയെ പ്രശംസിച്ചത്.

കാർഷിക മേഖലയെ ആധുനികവത്കരിക്കുന്നതിന് ഇന്ത്യയുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സർക്കാരും വിദേശകാര്യ മന്ത്രാലയവും നൽകിയ സ്വീകരണം അങ്ങേയറ്റം ഹൃദയസ്പർശിയായിരുന്നുവെന്ന് പറഞ്ഞ ഉമരി, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആത്മബന്ധം എടുത്തുപറഞ്ഞു. ഇന്ത്യയിൽ എത്തിയ ആദ്യ ദിവസം മുതൽ അതിയായ സ്നേഹപൂർവമായ സ്വീകരണമാണ് ലഭിച്ചതെന്നും സ്വന്തം നാട്ടിലാണെന്ന അനുഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജനങ്ങൾക്കിടയിലാണെന്ന തോന്നലും നമ്മുടെ ഡി.എൻ.എ ഒന്നാണെന്ന വികാരവുമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഈ സ്വീകരണം അഫ്ഗാൻ ജനതയ്ക്ക് വലിയ പ്രത്യാശ നൽകുന്നതാണെന്നും ഉമരി അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ 80 ശതമാനത്തിലധികം ജനങ്ങളുടെയും ഉപജീവനമാർഗം കൃഷിയും ജലസേചനവും കന്നുകാലി വളർത്തലുമാണ്. ഈ മേഖലകളെ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആധുനികവത്കരിക്കേണ്ട സമയമാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലോകോത്തര നിലവാരമുള്ള പഴങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ എങ്കിലും വിളവെടുപ്പ്, വിളസംരക്ഷണം, സംഭരണം, വിപണനം എന്നീ മേഖലകളിൽ ആവശ്യമായ ആധുനിക സംവിധാനങ്ങളോ കർഷകർക്ക് വേണ്ടത്ര പരിശീലനമോ നിലവിൽ ലഭ്യമല്ല. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും കാർഷിക പുരോഗതിയും ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളുടെ സഹകരണം അഫ്ഗാൻ ഭരണകൂടം സജീവമായി തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യ-അഫ്ഗാനിസ്ഥാൻ സംയുക്ത സമിതിയുടെ നാലാമത് യോഗം വ്യാഴാഴ്ച ന്യൂഡൽഹിയിൽ ചേർന്നിരുന്നു. ഇതിന് പുറമെ, അഫ്ഗാൻ മന്ത്രി കേന്ദ്ര കൃഷി-കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും നിലവിലുള്ള കാർഷിക സഹകരണം വിലയിരുത്തി പുതിയ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു. മികച്ചയിനം ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ് എന്നിവയുടെ വിത്തുകൾ, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കഴിയുന്ന സസ്യയിനങ്ങൾ, പോഷകസമ്പുഷ്ടമായ വിളവർഗങ്ങൾ എന്നിവ അഫ്ഗാനിസ്ഥാന് ലഭ്യമാക്കുമെന്ന് ഇന്ത്യ ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ശാസ്ത്രീയ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അഫ്ഗാനിസ്ഥാന്റെ വിത്ത് സംവിധാനവും കാർഷിക ഉൽപാദനവും ശക്തിപ്പെടുത്താൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായും യോഗത്തിന് ശേഷം വ്യക്തമാക്കി.

Also read: